നടക്കുന്നതിനുള്ള ശരിയായ സമയം എപ്പോൾ?

നടക്കാൻ ശരിയായ സമയം എപ്പോഴാണ്? പ്രമേഹവും രക്തസമ്മർദ്ദവും നിയന്ത്രിക്കുന്ന കാര്യത്തിൽ രാവിലെ നടക്കുന്നതിനും വൈകുന്നേരം നടക്കുന്നതിനും അതിൻറേതായ ഗുണങ്ങളുണ്ട്. പ്രഭാതഭക്ഷണത്തിന് മുമ്പ് നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങളിൽ കണ്ടെത്തിട്ടുണ്ട്. ഈ സമയത്ത് ശരീരം ഊർജ്ജത്തിനായി സംഭരിച്ച കൊഴുപ്പിനെ ഉപയോഗിക്കാൻ സാധ്യതയുണ്ട്. രാവിലെ നടക്കുന്നത് ദിവസം മുഴുവൻ ശാരീരിക പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകാനും മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യാനും സഹായിക്കും. അത്താഴം കഴിഞ്ഞ് ഏകദേശം 30-60 മിനിറ്റിന് ശേഷം നടക്കുന്നത് ഭക്ഷണശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നത് കുറക്കാൻ സഹായിക്കുമെന്ന് ആരോഗ്യവിദഗ്തർ പറയുന്നു. ഇത് പ്രമേഹമുള്ളവർക്ക് വളരെ പ്രധാനമാണ്. വൈകുന്നേരം നടക്കുന്നതിലൂടെ സിസ്റ്റോളിക് രക്തസമ്മർദ്ദം കുറയുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട് . ദിവസത്തെ തിരക്കുകൾക്കും സമ്മർദ്ദങ്ങൾക്കും ശേഷം വൈകുന്നേരം നടക്കുന്നത് മനസ്സിന് വിശ്രമം നൽകാനും സ്ട്രെസ് കുറക്കാനും സഹായിക്കും. സ്ട്രെസ് കുറയുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ പ്രധാനമാണ്. എന്നിരുന്നാലും നിങ്ങളുടെ ജീവിതശൈലിക്ക് അനുയോജ്യമായതും സ്ഥിരമായി ചെയ്യാൻ കഴിയുന്നതുമായ സമയം തിരഞ്ഞെടുക്കുക എന്നതാണ് ഏറ്റവും പ്രധാനം. രാവിലെയും വൈകുന്നേരവും ചെറിയ ദൂരങ്ങൾ നടക്കാൻ കഴിയുമെങ്കിൽ കൂടുതൽ നല്ലതാണ്. ​പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുള്ളവർ പുതിയ വ്യായാമ മുറകൾ തുടങ്ങുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെ സേവനം തേടുന്നത് നല്ലതാണ്.