മഞ്ഞുകാലമായാൽ പലരും നേരിടുന്ന ഒരു പ്രശ്നമാണ് പാദങ്ങൾ വിണ്ടുകീറുന്നത്. സ്വാഭാവിക എണ്ണമയം കുറയുമ്പോഴാണ് ചർമം വരണ്ടതാകുന്നത്. ഇത് പാദങ്ങൾ വിണ്ടുകീറാനും ഡ്രൈ ആവാനും കാരണമാകുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. അതുകൊണ്ട് തന്നെ പാദങ്ങൾക്ക് ശരിയായ സംരക്ഷണം നൽകേണ്ടത് പ്രധാനമാണ്. മഞ്ഞുകാലത്ത് ചൂടുവെള്ളം കൊണ്ട് കാലുകൾ കഴുകുന്ന ശീലം ഒഴിവാക്കണമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. കാരണം അത് കാലുകളെ കൂടുതൽ വരണ്ടതാക്കും. അതുപോലെതന്നെ സോപ്പിന്റെ അമിതോപയോഗവും വരൾച്ച കൂട്ടും. പകരം കറ്റാർവാഴ അടങ്ങിയ ലേപനങ്ങൾ ഉപയോഗിക്കുന്നത് നല്ലതാണ്. ഇടയിക്കിടെ കാലിൽ വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നതും ഫലപ്രദമാണ്. പാദങ്ങളിലെ വിണ്ടുകീറൽ തടയാൻ ഉപ്പ് സഹായിക്കും. ഇളംചൂടുവെള്ളത്തിൽ കുറച്ച് ഉപ്പ് ഇട്ടതിന് ശേഷം പാദങ്ങൾ അതിൽ മുക്കിവയ്ക്കാം. ഇളം ചൂടുവെള്ളത്തിൽ ഉപ്പും നാരങ്ങാനീരും കലർത്തുന്നതും വിണ്ടുകീറൽ തടയാൻ ഗുണകരമാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുന്നത് നല്ലതാണെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.



















