മഞ്ഞുകാലത്തെ പനിയും ജലദോഷവും ഒഴിവാക്കാൻ നന്നായി ഉറങ്ങിയാൽ മതിയെന്ന് വ്യക്തമാക്കി ആരോഗ്യവിദഗ്തർ. നമ്മൾ ഉറങ്ങുമ്പോഴാണ് പ്രതിരോധ കോശങ്ങളെ ചലിക്കാൻ സഹായിക്കുന്ന ഹോർമോണുകളെ ശരീരം പുറത്തേക്ക് വിടുന്നത്. പലതരം അണുക്കളെ ശരീരം കൈകാര്യം ചെയ്യുന്നതും അവയവങ്ങളുടെ കേട് പാട് തീർത്ത് ശരീരത്തെ ഊർജ്ജസ്വലമാക്കുന്നതും ഉറങ്ങുമ്പോഴാണ്. അതുകൊണ്ട് തന്നെ, ഉറക്കം നഷ്ടപ്പെടുന്നവരുടെ പ്രതിരോധശേഷി ദുർബലമായിരിക്കും. ഇവർക്ക് പലതരത്തിലുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. ദിവസവും എട്ടുമണിക്കൂർ വരെ ഉറങ്ങണമെന്നാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്. എന്നാൽ ഏതെങ്കിലും എട്ട് മണിക്കൂർ ഉറങ്ങിയാൽ പോര. ഉറക്കത്തിന് ഒരു ക്രമമുണ്ടാക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും. സ്ഥിരമായി ഓരേ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത് നമ്മുടെ ആന്തരിക ക്ലോക്കായ സിർക്കാഡിയൻ റിഥത്തെ ബലപ്പെടുത്താൻ സഹായിക്കും. ഉറങ്ങുന്നതിന് അരമണിക്കൂർ മുൻപ് ചെറുചൂടുവെള്ളത്തിൽ കുളിക്കുന്നത് ശരീരം കൂടുതൽ റിലാക്സ് ആകാനും നല്ല ഉറക്കം നൽകാനും സഹായിക്കും. മൊബൈൽ പോലുള്ള ഉപകരണങ്ങളുടെ ഉപയോഗവും ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് നിർത്തണം. സുഖകരമായ താപനില മുറിക്കുള്ളിൽ ക്രമീകരിക്കുന്നത് ഉറക്കത്തെ പ്രോത്സാഹിപ്പിക്കും. മാത്രമല്ല, ഉറങ്ങുന്നതിന് മുൻപ് ലൈറ്റുകൾ ഡിം ആക്കുന്നതും നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.



















