തിരൂർ: തിരൂർ ഗവൺമെന്റ് ജില്ലാ ആശുപത്രിയുടെ ഗാസ്ട്രോ എൻട്രോളജി വിഭാഗം ചികിത്സാ രംഗത്ത് പുതിയൊരു ചരിത്രം കുറിച്ചു. വൻകുടലിൽ വളർന്ന 4 സെന്റിമീറ്റർ വലിപ്പമുള്ള വലിയ ദശ (പോളിപ്പ്) കൊളോണോസ്കോപ്പി വഴി ശസ്ത്രക്രിയ കൂടാതെ വിജയകരമായി നീക്കം ചെയ്തു. ഈ സങ്കീർണ്ണ പ്രൊസീജ്യർ ആദ്യമായാണ് തിരൂർ ജില്ലാ ആശുപത്രിയിൽ നടത്തുന്നത്.
ചികിത്സ തേടിയത് രക്തക്കുറവിന്
ശരീരത്തിൽ അകാരണമായി രക്തം കുറയുന്നതുമായി ബന്ധപ്പെട്ട് പരിശോധനക്ക് വിധേയനായ 65 വയസ്സുള്ള തിരൂർ സ്വദേശിക്കാണ് ഈ ചികിത്സ നൽകിയത്. ആശുപത്രിയിൽ നടത്തിയ കൊളോണോസ്കോപ്പി പരിശോധനയിലാണ് ഇദ്ദേഹത്തിൻ്റെ വൻകുടലിൽ വളരുന്ന 4 സെന്റിമീറ്റർ വലിപ്പമുള്ള ദശ കണ്ടെത്തിയത്. ഇതാണ് രോഗിയുടെ ശരീരത്തിലെ രക്തക്കുറവിന് കാരണമായി കണ്ടെത്തിയത്. ഈ ദശ ക്യാൻസറായി മാറാനുള്ള സാധ്യത മുൻനിർത്തി, പുതിയ ചികിത്സാ രീതി ഉപയോഗിച്ച് അത് നീക്കം ചെയ്യാൻ മെഡിക്കൽ സംഘം തീരുമാനിച്ചു.
എപിസി കോട്ടറി മെഷീൻ നിർണ്ണായകം
തിരൂർ ജില്ലാ ആശുപത്രി ഗ്യാസ്ട്രോ എൻട്രോളജിയിൽ പുതുതായി സ്ഥാപിച്ച എപിസി (Argon Plasma Coagulation – APC) കോട്ടറി മെഷീന്റെ സഹായത്തോടെയാണ് ഈ ദശ ശസ്ത്രക്രിയ കൂടാതെ മുഴുവനായും നീക്കം ചെയ്തത്. ഇത് രോഗിക്ക് വൻകുടലിലെ ക്യാൻസർ സാധ്യതയിൽ നിന്ന് പൂർണ്ണമായി മോചനം നേടാൻ സഹായകമായി.
മെഡിക്കൽ സംഘം
തിരൂർ ജില്ലാ ആശുപത്രി ഗാസ്ട്രോ എൻട്രോളജി വിഭാഗം മേധാവി ഡോക്ടർ മുരളീ കൃഷ്ണന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ഈ പ്രൊസീജ്യർ വിജയകരമായി പൂർത്തിയാക്കിയത്.
പ്രൊസീജ്യറിൽ പങ്കെടുത്തവർ:
- ഡോ. മുരളീകൃഷ്ണൻ (ഗാസ്ട്രോ എൻട്രോളജി വിഭാഗം മേധാവി)
- ഡോ. സലിം
- സ്റ്റാഫ് നേഴ്സ് നീതു
- എൻഡോസ്കോപ്പി ടെക്നീഷ്യൻ റെമീസ
- നഴ്സിങ് അസിസ്റ്റന്റ് ബാലകൃഷ്ണൻ
തിരൂർ ജില്ലാ ആശുപത്രിയുടെ ഈ നേട്ടം, സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിൽ നിർണ്ണായകമാകും.






















