ഗർഭകാലത്ത് അമ്മയിലുണ്ടാകുന്ന സമ്മർദ്ദം കുഞ്ഞിനെ ബാധിക്കുമോ?

ഗർഭകാലത്ത് അമ്മയിലുണ്ടാകുന്ന സമ്മർദ്ദവും ഉത്കണ്‌ഠയും, ഗർഭസ്ഥ ശിശുവിൽ മാനസിക സമ്മർദ്ദമുണ്ടാക്കുമെന്ന് പഠനം. സമ്മർദ്ദം, അണുബാധ, മോശം ഭക്ഷണക്രമം എന്നിവ കാരണമുണ്ടാകുന്ന വീക്കം ഗർഭസ്ഥ ശിശുവിൻ്റെ മാനസിക നിലയിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഇത് ജനിക്കുന്ന കുട്ടിയിൽ ഉത്കണ്‌ഠ അഥവാ anxiety ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. വെയിൽ കോർണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച പ്രീ ക്ലിനിക്കൽ പഠനത്തിലാണ് ഈക്കാര്യം വ്യക്തമാക്കുന്നത്. അണുബാധയോ പരിക്കോ പറ്റുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക പ്രതിരോധ സംവിധാനമാണ് വീക്കം. ഗർഭകാലത്ത് ഒരു നിശ്ചിത അളവിലുള്ള വീക്കം സാധാരണമാണെന്ന് ആരോഗ്യവിദഗ്‌ധർ പറയുന്നു. അത്തരത്തിലുള്ള മാറ്റങ്ങൾ കുഞ്ഞിനോട് പൊരുത്തപ്പെടുന്നതാണ്. എന്നാൽ വിട്ടുമാറാത്തതോ അമിതമോ ആയ വീക്കം അമ്മയുടെയും കുഞ്ഞിൻ്റെയും ജൈവിക മാറ്റങ്ങളിൽ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അതിനാൽ തന്നെ പ്രസവത്തിന് മുമ്പുള്ള പരിചരണം, പതിവ് പരിശോധനകൾ, ഗർഭകാലത്തെ ആരോഗ്യസ്ഥിതികൾ കൈകാര്യം ചെയ്യൽ എന്നിവ വളരെ പ്രധാനമാണെന്ന് ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു