കുട്ടികൾക്ക് സൗജന്യ റോബോട്ടിക്ക് ശസ്ത്രക്രിയ പദ്ധതിയുമായി നടൻ മമ്മൂട്ടി

കുട്ടികൾക്ക് സൗജന്യ റോബോട്ടിക്ക് ശസ്ത്രക്രിയ പദ്ധതിയുമായി നടൻ മമ്മൂട്ടി.
വാത്സല്യം എന്ന പേരിൽ ആരംഭിച്ച പദ്ധതിയുടെ പ്രഖ്യാപനം മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി നിർവ്വഹിച്ചു. ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്നാണ് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ പദ്ധതി നടപ്പാക്കുന്നത്. സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബങ്ങളിലെ 14 വയസ്സിന് താഴെയുളള കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള റോബോട്ടിക്ക് ശസ്ത്രക്രിയകൾക്ക് പുതിയ പദ്ധതി പ്രയോജനപ്പെടും. കഴിഞ്ഞ മാസം അവസാനം നിദ ഫാത്തിമ എന്ന ഏഴുവയസ്സുകാരിക്ക് രാജഗിരിയിൽ നടന്ന ഹൃദയശസ്ത്രക്രിയ ആയിരുന്നു ഈ പദ്ധതിയിലെ ആദ്യ ശസ്ത്രക്രിയ. പദ്ധതിയുടെ ഭാഗമായി ഇനി 99 കുട്ടികൾക്ക് കൂടി അത്യാധുനിക ശസ്ത്രകിയകൾ നടത്തും. മുതിർന്നവർക്ക് മാത്രമായി ആരോഗ്യപദ്ധതികൾ നടപ്പാക്കുന്നതിൽ കാര്യമില്ലെന്നും കുട്ടികളുടെ കരുതൽ പ്രധാനമാണെന്നുമുള്ള മമ്മൂട്ടിയുടെ നിർദേശമാണ് പദ്ധതിയുടെ പിറവിക്ക് പിന്നിൽ.