ശമ്പള പരിഷ്‌കരണം ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഇന്നും ഗവണ്‍മെന്റ് ഡോക്ടര്‍മാരുടെ സമരം. ഒപി ബഹിഷ്‌കരിച്ചാണ് കെജിഎംസിടിഎയുടെ സമരം. പിജി വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്മാരും മാത്രമേ ഇന്ന് ഓപിയില്‍ ഉണ്ടാവൂ. ഇന്ന് സമരമാണെന്ന് അറിയാതെ മെഡിക്കല്‍ കോളേജുകളില്‍ എത്തിയ പല രോഗികളും വലഞ്ഞു. 4 വര്‍ഷം വൈകി നടപ്പിലാക്കിയ 10 വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന ശമ്പള പരിഷ്‌കരണം മൂലം നഷ്ടപ്പെട്ട ശമ്പള-ക്ഷാമബത്ത കുടിശ്ശിക നല്‍കുക, പ്രവേശന തസ്തിക ആയ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലെ ശമ്പളനിര്‍ണ്ണയ അപാകത പരിഹരിക്കുക, രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടര്‍മാരെ നിയമിക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും സമരക്കാര്‍ മുന്നോട്ട് വെക്കുന്നത്. ഇതിനോടൊപ്പം, പുതിയതായി പ്രവര്‍ത്തനം ആരംഭിച്ച മെഡിക്കല്‍ കോളേജുകളിലേക്ക് അശാസ്ത്രീയമായ താല്‍ക്കാലിക പുനര്‍വിന്യാസത്തിലൂടെ ഡോക്ടര്‍മാരെ നിയമിക്കുന്നത് രോഗികളുടെയും ദേശീയ മെഡിക്കല്‍ കമ്മീഷന്റെയും കണ്ണില്‍ പൊടിയിടുന്ന സമ്പ്രദായം ഒഴിവാക്കി പകരം ആവശ്യത്തിന് പുതിയ തസ്തികകള്‍ സൃഷ്ടിക്കണം എന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു






















