സ്ത്രീസുരക്ഷ; പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്റ്റിന് തുടക്കമായി

സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പോലീസിന്റെ പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ടിന് തുടക്കമായി. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തിനു മുന്നിൽ, പിങ്ക് പട്രോൾ സംഘങ്ങൾക്ക് നൽകിയ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 10 കാറുകൾ, ബുള്ളറ്റ് ഉൾപ്പെടെ 40 ഇരുചക്രവാഹനങ്ങൾ, 20 സൈക്കിളുകൾ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയത്. പിങ്ക് ജനമൈത്രി ബീറ്റ്, പിങ്ക് ഷാഡോ പെട്രോൾ, പിങ്ക് റോമിയോ എന്നീ സംവിധാനങ്ങൾ ഈ പദ്ധതിയിൽപ്പെടുന്നു.

നിലവിലുള്ള പിങ്ക് പോലീസ് പട്രോൾ സംവിധാനം സജീവമാക്കുന്നത് ഉൾപ്പെടെയുള്ള പരിപാടികളാണ് പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഗാർഹികപീഡനങ്ങൾ പരാതികൾ ലഭിക്കുന്നതിന് മുൻപ് തന്നെ കണ്ടെത്തി തടയുന്നതിന് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കാനുള്ള പിങ്ക് ജനമൈത്രി ബീറ്റ് എന്ന സംവിധാനം പുതിയ പദ്ധതിയിൽപ്പെടുന്നു. വീടുകൾതോറും സഞ്ചരിച്ച് ഗാർഹികപീഡനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയാണ് പിങ്ക് ജനമൈത്രി ബീറ്റ് സംവിധാനത്തിന്റെ ചുമതല. പഞ്ചായത്ത് അംഗങ്ങൾ, അയൽവാസികൾ, മറ്റ് നാട്ടുകാർ എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് ഇവർ മേൽനടപടികൾക്കായി സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് കൈമാറും.

പ്രത്യേക പരിശീലനം ലഭിച്ച വനിതാപോലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന പിങ്ക് ബീറ്റ് സംവിധാനം കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളിലും സ്‌കൂൾ, കോളേജ്, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവയുടെ മുന്നിലും ബസ് സ്റ്റോപ്പുകളിലും ഇനിമുതൽ സാന്നിധ്യമുറപ്പിക്കും. ഇവരുടെ സഹായത്തിനായി 14 ജില്ലകളിലും പിങ്ക് കൺട്രോൾ റൂം പ്രവർത്തനസജ്ജമായി.

ജനത്തിരക്കേറിയ പ്രദേശങ്ങളിൽ സാമൂഹികവിരുദ്ധരുടെ സാന്നിധ്യം കണ്ടെത്താനും നടപടി സ്വീകരിക്കാനുമായി പിങ്ക് ഷാഡോ പട്രോൾ ടീമിനെയും നിയോഗിക്കും. വനിതാ ഉദ്യോഗസ്ഥർ മാത്രം ഉൾപ്പെടുന്ന ബുള്ളറ്റ് പട്രോൾ സംഘമായ പിങ്ക് റോമിയോയും നിലവിൽവന്നു.

LEAVE A REPLY