രാജ്യത്തെ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ എഴുതുന്ന കുറിപ്പടികളിൽ പലതും കുഴപ്പം പിടിച്ചവ; ഐ.സി.എം.ആർ പഠനറിപ്പോർട്ട്

രാജ്യത്തെ മെഡിക്കൽ കോളേജുകളിലെ ഒ.പി. വിഭാഗത്തിൽ ഡോക്ടർമാർ എഴുതുന്ന കുറിപ്പടികളിൽ പലതും കുഴപ്പം പിടിച്ചതാണെന്ന് ഐ.സി.എം.ആർ പഠനറിപ്പോർട്ട്. പഠനത്തിലെ കണ്ടെത്തലുകൾ ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകാരോഗ്യസംഘടന മുന്നോട്ടുവെച്ചിട്ടുള്ള നിബന്ധന പാലിക്കാത്തവയാണ് 43 ശതമാനമെന്നും പഠനം വ്യക്തമാക്കുന്നു. ഔഷധ പ്രതിരോധം, പാർശ്വഫലങ്ങൾ, സാമ്പത്തികഭാരം തുടങ്ങിയ കുഴപ്പങ്ങളാണ് കുറിപ്പടികളുടെ പ്രശ്നം മൂലം ജനങ്ങൾക്കുണ്ടാവുക. 2019 ഓഗസ്റ്റ് മുതൽ 2020 ഓഗസ്റ്റ് വരെയുള്ള കാലയളവിലാണ് മെഡിക്കൽ കോളേജുകളിലെ ഔട്ട് പേഷ്യന്റ് വിഭാഗം ആസ്പദമാക്കി പഠനം നടത്തിയത്. ഐ.സി.എം. ആർ. യുക്തിപരമായ ഔഷധ ഉപയോഗകേന്ദ്രങ്ങളായി പ്രഖ്യാപിച്ച 13 കേന്ദ്രങ്ങളാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. ഓരോ സ്ഥാപനത്തിൽനിന്നും 600 കുറിപ്പടികൾ വീതം ലഭ്യമായ 7800 കുറിപ്പടികളിൽ നിന്നും 4838 എണ്ണമാണ് വിശദമായി വിലയിരുത്തിയത്. കമ്യൂണിറ്റി മെഡിസിൻ, ജനറൽ മെഡിസിൻ, സർജറി, ഒബ്‌സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, പീഡിയാട്രിക്സ്, ഡെർമറ്റോളജി, ഒഫ്താൽമോളജി, ഇ.എൻ.ടി., സൈക്യാട്രി തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ടതായിരുന്നു കുറിപ്പടികൾ. മരുന്നുകളുടെ ചേരുവകൾ, ഡോസേജ്, ഉപയോഗക്രമം, ഇടവേള തുടങ്ങിയവ കൃത്യമായി സൂചിപ്പിക്കാത്തവയാണ് നിബന്ധനകൾ പാലിക്കാത്ത കുറിപ്പടികളായി കരുതുക. ബിരുദാനന്തര ബിരുദമുള്ള നാലുമുതൽ 18 വർഷംവരെ സേവനം അനുഷ്ഠിച്ച ഡോക്ടർമാരുടെ കുറിപ്പടികളാണ് ശേഖരിച്ചത്. കുറിപ്പടികൾ തയ്യാറാക്കുന്നതിലെ ശാസ്ത്രീയത, മരുന്നുകളുടെ പ്രതിപ്രവർത്തനം തുടങ്ങിയ വിഷയങ്ങളിൽ ഡോക്ടർമാർക്കിടയിൽ ബോധവത്കരണം വേണമെന്നും പഠനം നിർദ്ദേശിക്കുന്നു.

LEAVE A REPLY