മരുന്നിന് പോലും പണമില്ല, അവിവാഹിത പെന്‍ഷന്‍ അനുവദിക്കണമെന്ന് കന്യാസ്ത്രീകള്‍

തിരുവനന്തപുരം: അവിവാഹിതപെന്‍ഷന്‍ അനുവദിക്കണമെന്നാവശ്യവുമായി കന്യാസ്ത്രീകള്‍. തിരുവനന്തപുരം മുട്ടട സെന്റ് ആന്‍സ് കോണ്‍വെന്റിലെ വയോധികരായ കന്യാസ്ത്രീകളാണ് വ്യത്യസ്തമായ അപേക്ഷയുമായി തിരുവനന്തപുരം കോര്‍പ്പറേഷനെ സമീപിച്ചത്.

തങ്ങള്‍ കടുത്ത സാമ്ബത്തിക ബുദ്ധിമുട്ടിലാണെന്നും മരുന്നിനും മറ്റുമായി നല്ല ചെലവുണ്ടെന്നും അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ തടഞ്ഞുവയ്ക്കരുതെന്നും അപേക്ഷയില്‍ ഇവര്‍ വ്യക്തമാക്കുന്നു. 60 വയസ് പിന്നിട്ട കന്യാസ്ത്രീകള്‍ക്കു നിലവില്‍ വാര്‍ധക്യപെന്‍ഷന്‍ നല്‍കിവരുന്നുണ്ട്. പ്രത്യേക സാഹചര്യങ്ങള്‍മൂലം വിവാഹിതരാകാന്‍ സാധിക്കാത്തവര്‍ക്ക് പ്രതിമാസം 1100 രൂപയാണ് പെന്‍ഷനായി സര്‍ക്കാര്‍ നല്‍കുന്നത്. അതിനാല്‍, കന്യാസ്ത്രീകളുടെ ഈ ആവശ്യത്തില്‍ കോര്‍പ്പറേഷനു സര്‍ക്കാരിന്റെ ഉപദേശം തേടേണ്ടിവരും.

അപേക്ഷ ശ്രദ്ധയില്‍പ്പെട്ടാല്‍ നിയമവശം പരിശോധിച്ച് അടിയന്തരമായി തീര്‍പ്പുകല്‍പ്പിക്കുമെന്നു മേയര്‍ വി.കെ. പ്രശാന്ത് പറഞ്ഞു. എന്നാല്‍, മതപരമായ വിശ്വാസത്തിന്റെ ഭാഗമായി മനഃപൂര്‍വം വിവാഹം ഒഴിവാക്കിയ ഇവര്‍ അവിവാഹിത പെന്‍ഷന് അര്‍ഹരാണോയെന്ന് പരിശോധിക്കേണ്ടിവരുമെന്നും മേയര്‍ വ്യക്തമാക്കി.

LEAVE A REPLY