ഉപ്പ് കൂടിയാലുള്ള അപകടം

ഉപ്പില്ലെങ്കിൽ കറികൾക്ക് രുചിയുണ്ടാകില്ല, എന്നാൽ ഉപ്പ് കൂടിപ്പോയാലോ കാൻസറിന് വരെ കാരണമാകാമെന്നാണ് പഠനങ്ങൾ പറയുന്നത്. ഉയർന്ന അളവിലുള്ള ഉപ്പിന്റെ ഉപഭോഗം സ്ഥിരമായാൽ ആമാശയ പാളികൾ നശിക്കുകയും ഹെലിക്കോബാക്റ്റർ പൈലോറി എന്ന ബാക്ടീരിയയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ഇത് വയറ്റിലെ കാൻസറിനുള്ള സാധ്യത വർധിക്കുമെന്നും ആരോഗ്യവിദഗ്തർ പറയുന്നു. ജനിതകമായി കാൻസർ സാധ്യതയുള്ളവരോ നിലവിൽ ദഹന പ്രശ്‌നങ്ങൾ ഉള്ളവരിലും അമിതമായി ഉപ്പ് കഴിക്കുന്നത് രോഗസാധ്യത ഇരട്ടിയാക്കും.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം പ്രതിദിനം ഒരാൾക്ക് ഉപയോഗിക്കാവുന്ന പരമാവധി ഉപ്പിന്റെ അളവ് അഞ്ച് ഗ്രാം ആണ്. എന്നുവെച്ചാൽ, രണ്ട് ഗ്രാം സോഡിയം . അമേരിക്കൻ ഹാർട് അസോസിയേഷൻ പറയുന്നത്, പ്രതിദിനം 1.5 ഗ്രാം സോഡിയം മതിയെന്നാണ്. എന്നാൽ ആഗോളതലത്തിൽ പ്രതിദിനം ഒരാൾ ശരാശരി 9-12 ഗ്രാം ഉപ്പാണ് ഉപയോഗിക്കുന്നത്. അമിതമായ ഉപ്പിന്റെ ഉപഭോ?ഗം ആമാശയത്തിൽ ഫ്രീ റാഡിക്കലുകളെ ഉത്പാദിപ്പിക്കും. ഇത് ഡിഎൻഎ നാശത്തിലേക്ക് നയിക്കുകയും കാൻസർ മ്യൂട്ടേഷനുകൾക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്ന് ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.