കുട്ടികള്‍ക്ക് ആന്റിബയോട്ടിക്ക് നല്‍കുന്നവര്‍ അറിയാന്‍

കുട്ടികള്‍ക്ക് ഡോക്ടറുടെ പ്രിസ്‌ക്രീപ്ഷന്‍ ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്‍കുന്ന പ്രവണത അപകടകരമെന്ന് ഗവേഷകര്‍. പല ആന്റിബയോട്ടിക്കുകളും പല പാര്‍ശ്വഫലങ്ങള്‍ക്കും കാരണമാകാം. ആയതിനാല്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന കൃത്യമായ അളവില്‍ കൃത്യമായ ഇടവേളകളില്‍ മാത്രമേ ആന്റിബയോട്ടിക്കുകള്‍ കുട്ടികള്‍ക്ക് നല്‍കാവൂ. ആന്റിബയോട്ടിക് അസുഖം മാറാനാണെങ്കിലും ശരീരത്തിലെ ആരോഗ്യകരമായ ബാക്ടീരിയകളെ ചില ഘട്ടത്തില്‍ ഇവ പ്രതികൂലമായി ബാധിച്ചേക്കാം. പല കുട്ടികളിലും ആന്റിബയോട്ടിക്കുകള്‍ കഴിക്കുമ്പോള്‍ വയറിളക്കം കണ്ടുവരാറുണ്ട്. ആന്റിബയോട്ടിക് ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനത്തെ ബാധിക്കുന്നതാണ് ഇതിന് കാരണം. അസുഖം മാറിയ ഉടന്‍ ആന്‍ിബയോട്ടിക് നല്‍കുന്നത് അവസാനിപ്പിക്കുന്നതും ശരിയല്ല. ഡോക്ടര്‍ നിര്‍ദേശിച്ച പ്രകാരം ഒരു ഡോസ് മുഴുവനായും കഴിച്ച് തീര്‍ത്താല്‍ മാത്രമേ മരുന്നിന്റെ ഗുണം ലഭിക്കൂ. ഇടയ്ക്കുവെച്ച് നിര്‍ത്തി പിന്നീട് ആ മരുന്ന് കൊടുക്കുമ്പോള്‍ ഫലമുണ്ടാകില്ല. ചില ആന്റിബയോട്ടിക്കുകള്‍ കുട്ടികളില്‍ അലര്‍ജി ലക്ഷണങ്ങള്‍ കാണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരം സാഹചര്യത്തില്‍ ഉടന്‍ ഒരു ആരോഗ്യ വിദഗ്ധന്റെ സേവനം തേടേണ്ടത് അത്യാവശ്യമാണ്