കോഴിക്കോട് ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌കജ്വരം

കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പന്തിരങ്കാവ് സ്വദേശിനിയായ 43കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സമീപകാലത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെയാണ് രോഗം പടരുന്നതെന്ന് പറയുമ്പോഴും രോഗികളില്‍ പലരും വെള്ളക്കെട്ടുകളില്‍ കുളിച്ചിട്ടില്ലെന്നാണ് സൂചന. രോഗ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താന്‍ സാധിക്കാത്തതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. രോഗവ്യാപനം മുന്നില്‍കണ്ട് സംസ്ഥാനത്തെ ജലാശയങ്ങളില്‍ സമ്പൂര്‍ണ ക്ലോറിനേഷന്‍ സങ്കടിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലാണ് ക്ലോറിനേഷന്‍ നടത്തുന്നത്. വെള്ളക്കെട്ടില്‍ കുളിക്കാന്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും, ജലാശയങ്ങള്‍ ക്ലോറിനേഷന്‍ നടത്തി ഉപയോഗിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് ഓര്‍മിപ്പിക്കുന്നു.