കുട്ടിയുടെ വിരൽകുടി ശീലം മാറ്റാൻ യുട്യൂബ് പരീക്ഷണം, വൈകിയെങ്കിൽ വിരൽ മുറിച്ചുമാറ്റേണ്ടി വന്നേനെയെന്ന് ഡോക്ടർ. പതിനൊന്ന് മാസം പ്രായമുള്ള കുട്ടി വിരൽകുടിക്കുന്നത് ഒഴിവാക്കാൻ ചൂണ്ടുവിരലിൽ തുണിചുറ്റിവെക്കുകയാണ് അമ്മ ചെയ്തത്. എന്നാൽ ഇതിലൂടെ കുഞ്ഞിന്റെ വിരലിലെ ചർമത്തിന്റെയും ടിഷ്യൂവിന്റെയും ഒരുഭാഗം നശിച്ചതായും, ചികിത്സ വൈകിയിരുന്നെങ്കിൽ കൂടുതൽ ഗുരുതരമായ അവസ്ഥയിലേക്ക് എത്തുമായിരുന്നുവെന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയത്. സൗത് ചൈനാ മോണിങ് പോസ്റ്റിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. തുണിചുറ്റിയ ഭാഗത്ത് വീക്കവും നിറവ്യത്യാസവും കണ്ടതോടെയാണ് അമ്മ ആശുപത്രിയിലെത്തിച്ചത്. സെൻട്രൽ ചൈനയിലെ ഹുനാൻ ചിൽഡ്രൻസ് ഹോസ്പിറ്റലിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയിലാണ് കോശങ്ങൾ നശിച്ചതിനാൽ വിരൽ മുറിച്ചുമാറ്റേണ്ട അവസ്ഥപോലും വന്നേനെ എന്ന് ഡോക്ടർമാർ വ്യക്തമാക്കിയത്. കുഞ്ഞുങ്ങൾ വായിൽ വിരലിടുന്ന ശീലം രണ്ടോ മൂന്നോ വയസ്സ് പ്രായമാവുമ്പോൾ നിൽക്കാറുണ്ടെന്നും അവരുടെ വിരലുകൾ വൃത്തിയായിട്ടാണോ ഇരിക്കുന്നതെന്ന് ശ്രദ്ധിക്കുകമാത്രമേ വേണ്ടൂവെന്നും ഡോക്ടർ വ്യക്തമാക്കി. കുട്ടികളുടെ ആരോഗ്യം തകരാറിലാക്കുന്ന ഇത്തരം മാർഗങ്ങളുടെ പിന്നാലെ പോകാതിരിക്കുന്നതാണ് നല്ലത്. കുട്ടികൾ അഞ്ചുവയസ്സുകഴിഞ്ഞും പാൽപ്പല്ലുകൾ വന്നതിനുശേഷവും വിരൽകുടിക്കുന്ന ശീലം തുടരുന്നുണ്ടെങ്കിലാണ് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത് എന്ന് വിദക്തർ വ്യക്തമാക്കുന്നു.



















