സ്വകാര്യ പെട്രോൾ പമ്പുകളിലേത് പൊതു ശുചിമുറി അല്ലെന്ന് ഹൈക്കോടതി

സ്വകാര്യ പെട്രോൾ പമ്പുകളിലേത് പൊതു ശുചിമുറി അല്ലെന്ന് ഹൈക്കോടതി. പൊതുജനങ്ങൾക്ക് പമ്പിലെ ശുചിമുറി ഉപയോഗിക്കാനായി തുറന്ന് നൽകണമെന്ന് പമ്പ് ഉടമകളെ നിർബന്ധിക്കാൻ പാടില്ലെന്നും കോടതി നിർദ്ദേശം നൽകി. പെട്രോളിയം ട്രേഡേഴ്‌സ് വെൽഫയർ ആന്റ് ലീഗൽ സർവ്വീസ് സൊസൈറ്റിയുടെ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. പമ്പുകളിൽ പെട്രോൾ അടിക്കാൻ എത്തുന്നവർക്ക് അടിയന്തിര സന്ദർഭങ്ങളിൽ ഉപയോഗിക്കുന്നതിനാണ് ശുചിമുറിയെന്ന് ഹർജിക്കാരൻ വാദിച്ചു. എന്നാൽ ഇവ പൊതു ശുചിമുറി ആക്കണമെന്ന് സർക്കാരും തിരുവനന്തപുരം കോർപ്പറേഷൻ അടക്കം ചില തദ്ദേശ സ്ഥാപനങ്ങളും നിർദ്ദേശിച്ചതായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതോടെ, പൊതുജനങ്ങൾ ശുചിമുറി ഉപയോഗിക്കുന്നതിന് വ്യാപകമായി പെട്രോൾ പമ്പുകളിലേയ്ക്ക് എത്തുകയും, പമ്പിന്റെ പ്രവർത്തനത്തെ ഇത് ബാധിക്കാൻ തുടങ്ങിയതായും ഹർജിക്കാരൻ വ്യക്തമാക്കി. ഏറെ അപകട സാധ്യതയുള്ള മേഖല കൂടിയായ പെട്രോൾ പമ്പുകളിൽ ശുചിമുറിയെ ചൊല്ലിയുള്ള തർക്കങ്ങളും ഉണ്ടാകാറുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനം പമ്പുകളിലെ ശുചിമുറി ഉപയോഗിക്കുന്നത് തടയണമെന്ന ഹർജിക്കാരന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.