വീട്ടമ്മയ്ക്ക് ഹെൽമറ്റിൽ നിന്ന് പാമ്പുകടിയേറ്റു. വരാന്തയിൽ വെച്ചിരുന്ന ഹെൽമറ്റിലാണ് പാമ്പ് കടന്നുകൂടിയത്. ബൈക്കിൽ യാത്രചെയ്യാൻ ഹെൽമെറ്റ് എടുത്ത യുവതിയുടെ കയ്യിൽ പാമ്പ് കടിക്കുകയായിരുന്നു. കാസർകോട് കളനാട് അരങ്ങമറ്റം സ്വദേശിനീക്കാണ് കടിയേറ്റത്. വീട്ടമ്മയെ ഉടൻ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. വിഷപ്പാമ്പ് അല്ലെന്നാണ് പ്രാഥമിക നിഗമനം. വീടിന്റെ പരിസര പ്രദേശങ്ങളിൽ അനാവശ്യമായി കൂട്ടിയിട്ടിരിക്കുന്ന വസ്തുക്കൾക്കിടയിൽ പാമ്പ് കയറികൂടാൻ സാധ്യതയുണ്ട്. പുറത്തെ തണുപ്പിൽ നിന്ന് രക്ഷനേടാൻ ഇവ വീട്ടിനുള്ളിലെക്കും, വരാന്തയിൽ സൂക്ഷിക്കുന്ന, ഷൂസ്, ചെരുപ്പ്, കൂടാതെ കാർപോർച്ചിലുള്ള വാഹനങ്ങളിൽ കയറി പറ്റാനും സാധ്യത ഏറെയാണ്. രാവിലെ ഇത്തരം വസ്തുക്കൾ ഉപയോഗിക്കുവാൻ ശ്രമിക്കുമ്പോൾ സൂക്ഷിക്കുന്നത് നല്ലതാണ്.






















