സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് വാവറ അമ്പലം സ്വദേശിനിയായ 79 കാരിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. പത്തുദിവസം മുന്‍പ് പനി വന്നതിനേത്തുടര്‍ന്ന് തുടര്‍ന്ന് പോത്തന്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മുഖത്തെ നീരും പനിയും കുറയാത്തതിനാല്‍ ഐസിയുവില്‍ തുടരുകയും നാല് ദിവസത്തിനുശേഷം സ്‌ട്രോക്കിന് സമാനമായ ലക്ഷണങ്ങള്‍ കണ്ടതോടെ എസ്.യു.ടി. ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ വൃക്കകള്‍ തകരാറിലാവുകയും മൂന്നുതവണ ഡയാലിസിസ് നടത്തുകയും ചെയ്തു. പനി കുറയാതിരുന്നതിനാല്‍ വീണ്ടും വിശദമായി രക്തം പരിശോധിച്ചപ്പോഴാണ് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചത്. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇവരുടെ കിണറ്റിലെ വെള്ളത്തിന്റെ സാമ്പിള്‍ ഇന്ന് ആരോഗ്യവകുപ്പ് പരിശോധനയ്ക്കായി ശേഖരിക്കും.