തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീപിടുത്തം. മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീ പിടര്‍ന്നതിനെ തുടര്‍ന്ന് രോഗികളെ ഒഴിപ്പിച്ചു. അത്യാഹിത വിഭാഗത്തിലെ പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ മെഷീനില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് സൂചന. ഷോര്‍ട്ട് സര്‍ക്യൂട്ട് അപകട കാരണമെന്നും സൂചനയുണ്ട്. തീ പടരുമ്പോള്‍ ബ്ലോക്കില്‍ നിരവധി രോഗികളുണ്ടായിരുന്നുവെന്നാണ് വിവരം.
വെന്റിലേറ്ററില്‍ ഓക്‌സിജന്‍ ലീക്ക് ആയി പുക ഉയര്‍ന്നത് ആശങ്ക വര്‍ധിപ്പിച്ചിരുന്നു. അതേസമയം, തീപിടുത്തം നിയന്ത്രണ വിധേയമായെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. അപകടമുണ്ടായ ബ്ലോക്കില്‍ നിന്ന് ഒഴിപ്പിച്ച രോഗികള്‍ക്ക് വിശദ പരിശോധന നടത്തിവരികയാണ്.



















