ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ബധാൽ ഗ്രാമത്തിൽ അജ്ഞാതരോഗം ബാധിച്ച് ഒരുമാസത്തിനിടെ മരിച്ചത് പതിന്നാലുപേർ എന്ന് റിപ്പോർട്ട്. മൂന്നു കുടുംബങ്ങളിൽ നിന്നുള്ള പതിനൊന്ന് കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് ഒരേ രോഗലക്ഷണങ്ങളോടെ മരണത്തിനു കീഴടങ്ങിയത്. മരണകാരണമെന്തെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. മരിച്ചവരുടെ രക്തസാമ്പിളുകളിൽ നിന്ന് ന്യൂറോടോക്സിന്റെ സാന്നിധ്യം കണ്ടെത്തിയെന്നും വിശദഅന്വേഷണം നടക്കുകയാണെന്നും മാധ്യമങ്ങൾ റിപ്പാേർട്ട് ചെയ്തു. ജമ്മുവിലെ എസ്.എം.ജി.എസ്. ആശുപത്രിയിൽ വച്ച് ആറുവയസ്സുകാരി മരിച്ചതാണ് ഏറ്റവും ഒടുവിലത്തേത്. തിങ്കളാഴ്ച അറുപത്തിയഞ്ചുകാരനും പത്തുവയസ്സുകാരനും ഇതേരോഗലക്ഷണങ്ങളോടെ മരിച്ചിരുന്നു. ഞായറാഴ്ച അഞ്ചും പതിന്നാലും വയസ്സുള്ള രണ്ടുമക്കൾ മരിച്ച അസ്ലമിന്റെ മകനാണ് തിങ്കളാഴ്ച മരിച്ച പത്തുവയസ്സുകാരൻ. 2024 ഡിസംബർ ഏഴിനാണ് അജ്ഞാതരോഗം ബാധിച്ചുള്ള ആദ്യമരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരുകുടുംബത്തിലെ അഞ്ചുപേരാണ് അന്ന് മരിച്ചത്. അഞ്ചുദിവസങ്ങൾക്കുശേഷം ഡിസംബർ 12-ന് മൂന്നുകുട്ടികളും ഇതേ രോഗലക്ഷണങ്ങളോടെ മരിച്ചു. പനി, അമിതമായി വിയർക്കൽ, ഛർദി, നിർജലീകരണം, ബോധക്ഷയം തുടങ്ങിയവയാണ് മരിച്ചവരിൽ കണ്ട പ്രധാനലക്ഷണങ്ങൾ. അതിനിടെ ഗ്രാമത്തിൽ പരസ്പരം ബന്ധമുള്ള മൂന്ന് കുടുംബങ്ങളെയാണ് രോഗം നിലവിൽ ബാധിച്ചിരിക്കുന്നതെന്ന് രജൗരിയിലെ ചീഫ് മെഡിക്കൽ ഓഫീസറായ ഡോ. മനോഹർ ലാൽ വ്യക്തമാക്കി. രോഗലക്ഷണങ്ങൾക്ക് മുമ്പേ എല്ലാവരും ഒരേഭക്ഷണമായിരുന്നു കഴിച്ചതെന്ന് കണ്ടെത്തിയെന്നും അദ്ദേഹം പ്രതികരിച്ചു. നിലവിൽ ഇതിനെ സാംക്രമിക രോഗമായി കാണാനാവില്ലെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.



















