പ്രമേഹ രോഗികളിലെ വൃക്ക രോഗസാധ്യത

ലോകമെമ്പാടുമുള്ള വൃക്കരോഗങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് പ്രമേഹം ആണെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. എന്നാൽ പലപ്പോഴും വൃക്കകൾക്ക് തകരാർ സംഭവിക്കുന്നത് രോഗികൾ തിരിച്ചറിയാറില്ല എന്നതാണ് സത്യം. രോഗം സങ്കീർണമാകുമ്പോൾ മാത്രമാണ് പലരും ലക്ഷണങ്ങൾ ശ്രദ്ധിച്ചു തുടങ്ങുന്നത്. പ്രമേഹരോഗികളിൽ കണ്ടുവരുന്ന വൃക്കരോഗ ലക്ഷണങ്ങളെക്കുറിച്ചും അവ എങ്ങനെ തിരിച്ചറിയാമെന്നും പങ്കുവെക്കുകയാണ് ആരോഗ്യവിദഗ്തർ. ശരീരത്തിലെ വീക്കം, മൂത്രത്തിലെ മാറ്റങ്ങൾ,രക്തസമ്മർദം ഉയരുന്നത്, വിശപ്പില്ലായ്മ, ചർമ്മത്തിലെ മാറ്റങ്ങൾ, ഉറക്കമില്ലായ്മ, രാവിലെ എഴുന്നേൽക്കുമ്പോൾ ഉണ്ടാകുന്ന ഓക്കാനം എന്നിവ വൃക്കകളുടെ പ്രവർത്തനം കുറയുന്നതിന്റെ ലക്ഷണമാണെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. വൃക്കകളുടെ തകരാർ ഗുരുതരമാകുമ്പോൾ ശ്വാസംമുട്ടൽ, വിട്ടുമാറാത്ത ചൊറിച്ചിൽ, പേശിവലിവ്, കഠിനമായ ഛർദി, അമിതമായ തളർച്ച എന്നിവ അനുഭവപ്പെടാം. ശരീരത്തിലെ വിഷാംശങ്ങൾ വർധിക്കുന്നത് മൂലം ആശയക്കുഴപ്പമോ ഏകാഗ്രതക്കുറവോ പോലും ഉണ്ടായേക്കാം. ലക്ഷണങ്ങൾക്കായി കാത്തിരിക്കാതെ വർഷത്തിലൊരിക്കലെങ്കിലും മൂത്രത്തിലൂടെയുള്ള പ്രോട്ടീൻ ചോർച്ച കണ്ടെത്തുന്നതിനുള്ള യുഎസിആർ, വൃക്കകളുടെ ശുദ്ധീകരണ ശേഷി അളക്കുന്നതിനുള്ള ഇജിഎഫ്ആർ രക്തപരിശോധന എന്നിവ ചെയ്യണമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കർശനമായി നിയന്ത്രിക്കുക, രക്തസമ്മർദ്ദം ക്രമീകരിക്കുക, കൃത്യസമയത്തുള്ള ചികിത്സ എന്നിവയിലൂടെ വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താമെന്നും, രോഗം തടയാൻ സാധിക്കുമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.