അറിയാം സീത പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ.

സീതപ്പഴത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. ഇത് ചർമ്മത്തിന്റെ പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കാനും അണുബാധകളിൽ നിന്ന് സംരക്ഷണം നൽകാൻ സഹായിക്കുമെന്നും ആരോഗ്യവിദഗ്തർ പറയുന്നു. കൂടാതെ ഹൃദയാരോഗ്യത്തിന് ഉത്തമ പരിഹാരമാണ് സീതപ്പഴം. ഇതിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഹൃദയപേശികളെ റിലാക്സ് ചെയ്യിക്കാനും രക്തസമ്മർദം നിയന്ത്രിക്കാനും സഹായിക്കുന്നു. കൂടാതെ, പൊട്ടാസ്യത്തിന്റെ സാന്നിധ്യം ഹൃദയത്തിന്റെ പ്രവർത്തനം സുഗമമാക്കുന്നു. നാരുകളാൽ സമ്പന്നമായ ഈ പഴം മലബന്ധം അകറ്റാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും മികച്ചതാണ്. ദഹനപ്രശ്നങ്ങൾ ഉള്ളവർക്ക് ഇത് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താമെന്നും ആരോഗ്യവിദഗ്തർ നിർദ്ദേശിക്കുന്നു. മാത്രമല്ല കാൽസ്യം ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്ന മഗ്നീഷ്യം സീതപ്പഴത്തിൽ ഉള്ളതിനാൽ എല്ലുകളുടെ ബലത്തിനും ഇത് ഗുണകരമാണ്. പ്രായം കൂടുന്തോറും ശരീരത്തിനുണ്ടാകുന്ന തളർച്ച മാറ്റാനും പോഷകക്കുറവ് നികത്താനും സീതപ്പഴം സഹായിക്കും. പ്രത്യേകിച്ച് 45 വയസിനു മുകളിലുള്ളവർക്ക് ഇത് മികച്ചൊരു ഊർജ സ്രോതസാണെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. എന്നിരുന്നാലും സീതപ്പഴത്തിൽ സ്വാഭാവിക മധുരം കൂടുതലായതിനാൽ പ്രമേഹരോഗികൾ കഴിക്കുമ്പോൾ അളവിൽ നിയന്ത്രണം പാലിക്കേണ്ടത് പ്രധാനമാണ്. ഡോക്ടറുടെ നിർദേശാനുസരണം മാത്രമേ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ പാടുള്ളു.