പഴങ്ങൾക്കിടയിൽ മുന്തിരിക്കുള്ള സ്ഥാനം വളരെ വലുതാണ്. രുചിയിൽ മാത്രമല്ല, ആരോഗ്യ ഗുണങ്ങളിലും മുന്തിരി മുൻപാന്ന്തിയിലാണെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. എങ്കിലും, പല നിറങ്ങളിലുള്ള മുന്തിരിയിൽ ഏതാണ് ആരോഗ്യത്തിന് ഏറ്റവും ഉത്തമം എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പച്ച, ചുവപ്പ്, കറുപ്പ് എന്നീ മുന്തിരികൾ കാഴ്ചയിൽ ഒരുപോലെ തോന്നാമെങ്കിലും, അവയുടെ രുചിയിലും, ആന്റിഓക്‌സിഡന്റുകളിലും, മൊത്തത്തിലുള്ള ആരോഗ്യ ഗുണങ്ങളിലും ചില പ്രധാന വ്യത്യാസങ്ങളുണ്ടെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. എല്ലാ മുന്തിരി ഇനങ്ങൾക്കും ആരോഗ്യപരമായ ഗുണങ്ങളുണ്ടെങ്കിലും, ഓരോ മുന്തിരിയും നൽകുന്ന പോഷക ഗുണങ്ങൾ വ്യത്യസ്തമാണ്. പച്ച മുന്തിരിയിൽ വൈറ്റമിൻ സി, വൈറ്റമിൻ കെ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. വൈറ്റമിൻ സി പ്രതിരോധശേഷി വർധിപ്പിക്കാനും വൈറ്റമിൻ കെ എല്ലുകളുടെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു. ആന്റിഓക്‌സിഡന്റിന്റെ സ്വാഭാവിക ഉറവിടമാണ് ചുവപ്പ് മുന്തിരി. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും സഹായിക്കുമെന്ന് ആരോഗ്യവിദഗ്തർ സൂചിപ്പിക്കുന്നു. കറുത്ത മുന്തിരിയുടെ കടും നിറത്തിന് കാരണം ആന്തോസയാനിനുകൾ എന്ന പോഷകങ്ങളാണ്. ഇതിന് ശക്തമായ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. മറ്റ് മുന്തിരി ഇനങ്ങളെ അപേക്ഷിച്ച് ഇതിനാണ് ഏറ്റവും മികച്ച ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ഉള്ളത്. പച്ച, ചുവപ്പ്, കറുപ്പ് മുന്തിരികൾക്കെല്ലാം അതിന്റേതായ ഗുണങ്ങളുണ്ടെങ്കിലും, കറുപ്പ് മുന്തിരിക്കാണ് പോഷകങ്ങളുടെ കാര്യത്തിൽ നേരിയ മുൻതൂക്കമുള്ളതെന്നും ആരോഗ്യ വിധഗ്തർ ഓർമിപ്പിക്കുന്നു.



















