അയോദ്ധ്യ വിധിക്ക് മുമ്പായി മാധ്യമങ്ങളെ കാത്തിരിക്കുന്നത് കര്‍ശന നിര്‍ദ്ദേശങ്ങള്‍; സോഷ്യല്‍ മീഡിയകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ ബാധകം

അയോദ്ധ്യ: അയോദ്ധ്യ കേസില്‍ സുപ്രീംകോടതി അന്തിമ വിധി പറയാനിരിക്കെ മാധ്യമങ്ങള്‍ക്കുള്ള കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതിന്‍പ്രകാരം അയോദ്ധ്യ വിധിയുമായി ബന്ധപ്പെട്ട് നടക്കുന്ന ആഘോഷങ്ങളുടെയും പ്രതിഷേധങ്ങളുടെയും ദൃശ്യങ്ങള്‍ കാണിക്കുന്നതിനും ബാബറി മസ്ജിദ് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ കാണിക്കുന്നതിനും വിലക്കുണ്ട്. അയോദ്ധ്യ കേസ് ഒരു പ്രധാന വിഷയമായതിനാല്‍ പ്രക്ഷുബ്ധമായതും വിദ്വേഷം പ്രചരിപ്പിക്കുന്നതും തീവ്രവികാരമുണര്‍ത്തുന്നതുമായ യാതൊരുവിധ വാര്‍ത്തയും സംപ്രേക്ഷണം ചെയ്യരുതെന്നും രാജ്യത്തിന്റെ മതേതരത്വവും സാമുദായിക ഐക്യവും കാത്തുസൂക്ഷിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ദൃശ്യ മാദ്ധ്യമങ്ങള്‍ കൂടാതെ പ്രിന്റഡ് മാദ്ധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയകള്‍ക്കും ഈ നിയമം ബാധകമാണ്.

NBSA കേന്ദ്ര വാര്‍ത്താപ്രഷേപണ അതോറിറ്റിയുടെ കര്‍ശന മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ….

പ്രക്ഷുബ്ധമായതും, വിദ്വേഷം പ്രചരിപ്പിക്കുന്നതും, തീവ്രവികാരമുണര്‍ത്തുന്നതുമായ യാതൊരുവിധ വാര്‍ത്തയും സംപ്രേക്ഷണം ചെയ്യരുതെന്നും, രാജ്യത്തിന്റെ മതേതരത്വവും, സാമുദായിക ഐക്യവും, പൊതുതാത്പര്യ പ്രകാരവും മാത്രമേ വാര്‍ത്തകള്‍ നല്‍കാന്‍ പാടുള്ളൂ എന്നും ഉത്തരവില്‍ പറയുന്നു.

1 .സുപ്രീംകോടതിയുടെ വിധി വരുന്നതിനു മുന്‍പ് പ്രസ്തുത വിഷയത്തിലെ കോടതി നടപടികള്‍ മുന്‍നിര്‍ത്തി ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്.

2 . സുപ്രീംകോടതി രേഖകള്‍ പരിശോധിച്ച ശേഷം വാര്‍ത്തയുടെ ആധികാരികതയും, യാഥാര്‍ഥ്യവും, കൃത്യതയും മനസിലാക്കിയ ശേഷമോ അല്ലങ്കില്‍ ചുരുങ്ങിയപക്ഷം നേരിട്ട് കോടതിയില്‍ നിന്നും അറിഞ്ഞതിനു ശേഷം മാത്രമേ കോടതിയുടെ പരിഗണനയിലിരുകുന്ന ഈ വിഷയത്തില്‍ റിപ്പോര്‍ട്ടര്‍മാരും, എഡിറ്റര്‍മാരും വാര്‍ത്തകള്‍ നല്‍കാന്‍ പാടുള്ളൂ.

3 . അയോദ്ധ്യ വിധിയുമായി ബന്ധപ്പെട്ടതോ, വിധിയുടെ അനന്തരഫലവുമായി ബന്ധപ്പെട്ടതോ ആയ ഊഹാപോഹങ്ങളോ, ഊഹാപോഹങ്ങള്‍ മുന്‍ നിര്‍ത്തിയുള്ള വാര്‍ത്തകളോ നല്‍കാന്‍ പാടില്ല.

4 . അയോദ്ധ്യ കേസിലെ വിധിയുമായി ബന്ധപ്പെട്ടുള്ള ഒരു വാര്‍ത്തകളിലും ബാബറി മസ്ജിദ് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു.

5 . അയോധ്യാ വിഷയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും കക്ഷികള്‍ നടത്തുന്ന പ്രതിഷേധങ്ങളുടെയോ, ആഘോഷങ്ങളുടെയോ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യാന്‍ പാടുള്ളതല്ല.

6 . ഏറ്റവും പ്രാധാന്യമുള്ള വിഷയമായതിനാല്‍ത്തന്നെ അയോദ്ധ്യ വിധിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുന്നതിന് മുന്‍പ് ഉന്നത എഡിറ്റോറിയല്‍ അധികാരികളുടെ അനുവാദം മേടിക്കേണ്ടതാണ്.

7 . ഒരു വാര്‍ത്തയും, പരിപാടികളും ഏതെങ്കിലും സമുദായത്തിന് അനുകൂലമായോ, മുന്‍വിധിയോടുകൂടിയോ സംപ്രേക്ഷണം ചെയ്യാന്‍ പാടുള്ളതല്ല.

8 . കാഴ്ചക്കാരെ സ്വാധീനിക്കുന്ന രീതിയിലുള്ള ഏതെങ്കിലും തീവ്രമായ നിലപാടുകള്‍ പറയാന്‍ ചര്‍ച്ചകളില്‍ ആര്‍ക്കും അനുവാദം നല്‍കരുത്.

9 . തീവ്രവികാരങ്ങള്‍ ഉണര്‍ത്തുന്ന ചര്‍ച്ചകളും, വാഗ്വാദങ്ങളും ഒഴിവാക്കുക.

മേല്‍പ്പറഞ്ഞിട്ടുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിക്കാത്ത ചാനലുകള്‍ക്കെതിരെയും, മാധ്യമങ്ങള്‍ക്കെതിരെയും കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

മാധ്യമങ്ങള്‍ക്ക് ഇത്രയും കര്‍ശനമായ നടപടികള്‍ നേരിടേണ്ടി വരുമ്പോള്‍ സോഷ്യല്‍ മീഡിയയേയും കാത്തിരിക്കുന്നത് മറ്റൊന്നല്ല.
വിവിധ സുരക്ഷാ – അന്വേഷണ വിഭാഗങ്ങളുടെ അതീവ ജാഗ്രതയും, നിരീക്ഷണവും സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരിക്കും എന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അതായത് സുപ്രീം കോടതി വിധിക്ക് അനുകൂലമായോ, പ്രതികൂലമായോ വിവിധ മത വിഭാഗത്തില്‍ പെട്ടവരില്‍ പ്രകോപനം ഉളവാക്കുന്ന രീതിയില്‍ പ്രതികരിക്കുന്നവര്‍ക്കെതിരെയും, സാമൂഹിക അന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ ഫേക്ക് ഐഡികളുടെ സുരക്ഷിതത്വത്തിലിരുന്ന് പ്രചാരണം നടത്തുന്നവര്‍ക്കെതിരെയും, എല്ലാ പേജുകള്‍, സീക്രട്ട് ഗ്രൂപ്പുകള്‍ അടക്കമുള്ള വാട്സ്ആപ്പ് – ഫേസ്ബുക്ക് കൂട്ടായ്മകള്‍ തുടങ്ങി എല്ലാ സോഷ്യല്‍ മീഡിയ സംവിധാനങ്ങളും കര്‍ശന നിരീക്ഷണത്തില്‍ ആയിരിക്കും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ചുരുക്കി പറഞ്ഞാല്‍ മലയാള പത്ര ദൃശ്യ online മാധ്യമങ്ങളും, നാവില്‍ വന്ന എന്തും പറയുവാന്‍ അവസരം നല്‍കുന്ന Social Media ഗ്രൂപ്പുകള്‍ എന്നിവയില്‍ ആര് പ്രകോപനപരമായ പോസ്റ്റിട്ടാലും ഉത്തരവാദിത്വം അതിടുന്ന ആളിനൊപ്പം അഡ്മിന്‍മാര്‍ക്കുമായിരിക്കും. അതിനാല്‍ ഗ്രൂപ്പുകള്‍ നിയന്ത്രിക്കുന്നവര്‍ പോസ്റ്റുകള്‍ക്ക് അപ്രൂവല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് നല്ലതായിരിക്കും.

LEAVE A REPLY