സംസ്ഥാനത്ത് 1213ല്‍ പുതുതായി എച്ച്‌ഐവി രോഗബാധ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സംസ്ഥാനത്താകെ നിലവില്‍ 23,608 എച്ച്‌ഐവി ബാധിതരാണുള്ളത്. പുതുതായി അണുബാധയുണ്ടാകുന്ന 15-നും 24-നും ഇടയില്‍ പ്രായമുള്ളവരുടെ ശതമാന നിരക്ക് വര്‍ധന ആശങ്ക ഉയര്‍ത്തുന്നവിധം കൂടിവരുകയാണ്. 2022- 23-ല്‍ ഈ പ്രായപരിധിയില്‍പ്പെടുന്നവര്‍ ഒന്‍പത് ശതമാനമായിരുന്നു. 2025 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍വരെ മാത്രം 15.4 ശതമാനമായാണ് ഇവരുടെ നിരക്ക് വര്‍ധിച്ചത്. തൊഴിലിനും വിദ്യാഭ്യാസത്തിനുമായി മലയാളികള്‍ ഇതര സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും കുടിയേറുന്നതും ഇതരസംസ്ഥാനങ്ങളില്‍നിന്ന് ആളുകള്‍ വര്‍ധിച്ച തോതില്‍ കേരളത്തിലേക്ക് കുടിയേറുന്നതും എച്ച്‌ഐവി വ്യാപന സാധ്യത കൂട്ടുന്നതായാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ 4477 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3393 പുരുഷന്‍മാരും 1065 സ്ത്രീകളും 19 ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടുന്നു. 62.6 ശതമാനത്തിനും അണുബാധ ഉണ്ടായത് ഒന്നിലധികം പങ്കാളികളുമായി സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം വഴിയാണ്. 24.6 ശതമാനത്തിന് സ്വവര്‍ഗരതിയിലൂടെയും 8.1 ശതമാനത്തിന് സൂചി പങ്കിട്ടുള്ള മയക്കുമരുന്ന് ഉപയോഗത്തിലൂടെയുമാണ് രോഗം ബാധിച്ചത്.






















