കടുത്ത ജലദോഷം; സിഗരറ്റ് വലിപ്പിച്ച് ഡോക്ടർ

കടുത്ത ജലദോഷത്തിന് ചികിൽസ തേടിയെത്തിയ അഞ്ചുവയസുകാരനെ കൊണ്ട് സിഗരറ്റ് വലിപ്പിച്ച് ഡോക്ടർ. ഉത്തർപ്രദേശിലെ ജലൗണിലാണ് സംഭവം. കുട്ടിയുടെ ചുണ്ടുകളിലേക്ക് ഡോക്ടർ സിഗരറ്റ് വച്ച് നൽകുന്നതും സിഗരറ്റിന് തീ കൊളുത്തുന്നതും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോ ദൃശ്യങ്ങളിൽ കാണാം. കത്തിച്ച് കൊടുത്ത ശേഷം പുകയെടുക്കേണ്ടത് എങ്ങനെയാണെന്ന വിശദമായ ക്ലാസും ഡോക്ടർ എടുത്ത് നൽകുന്നുണ്ട്. വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ കുത്തൗണ്ടിലെ പ്രധാന ആരോഗ്യകേന്ദ്രത്തിലെ ഡോക്ടറായ സുരേഷ് ചന്ദ്രയെ സ്ഥലം മാറ്റിയതായാണ് റിപ്പോർട്ട്. സംഭവത്തിൽ ഡോക്ടർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സിഎംഒ നരേന്ദ്ര ദേവ് ശർമ വ്യക്തമാക്കി. ഇത്തരം പ്രവർത്തികളോട് ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ മതിയായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.