ഝാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച അഞ്ചുകുട്ടികള്‍ക്ക് എച്ച്ഐവി സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയില്‍ രക്തബാങ്കിലേക്ക് രക്തം നല്‍കിയവരില്‍ മൂന്നുപേര്‍ എച്ച്ഐവി ബധിതരാണെന്ന് സ്ഥിരീകരണം. ആരോഗ്യവകുപ്പ് മന്ത്രി ഇര്‍ഫാന്‍ അന്‍സാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വെസ്റ്റ് സിംഗ്ഭും ജില്ലയിലെ സദര്‍ ആശുപത്രിയിലാണ് സംഭവം. 2023 മുതല്‍ ഇതുവരെ രക്തബാങ്കിലേക്ക് 259 പേരാണ് രക്തം നല്‍കിയത്. ഇവരെ ഓരോരുത്തരേയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞയാഴ്ചയാണ് തലാസീമിയ രോഗം ബാധിച്ച അഞ്ച് കുട്ടികള്‍ക്ക് ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിനെ തുടര്‍ന്ന് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്.






















