പൊണ്ണത്തടിയും മൈഗ്രെയ്‌നും മാറാൻ പച്ചവെള്ളം കുടിച്ചാൽ മതിയെന്ന് പഠനം. മൈഗ്രെയ്ൻ, പൊണ്ണത്തടി, കിഡ്‌നി സ്റ്റോൺ, പ്രമേഹം, ഹൈപ്പോടെൻഷൻ തുടങ്ങിയ രോഗാവസ്ഥയുള്ളവരിൽ വെള്ളം കുടിക്കുന്ന ശീലം വലിയ തോതിൽ മാറ്റങ്ങൾ വരുത്തുമെന്ന് കാലിഫോണിയ സാൻ ഫ്രാൻസിസ്‌കോ സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി. ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് കിഡ്നി സ്റ്റോൺ വീണ്ടും വരാനുള്ള സാധ്യത കുറച്ചതായി പഠനത്തിൽ ഗവേഷകർ വ്യക്തമാക്കുന്നു. കൂടാതെ ആറ് ഗ്ലാസ് വെള്ളം ദിവസവും കുടിക്കുന്നത് ശരീരഭാരം കുറയുന്നതിന് സഹായിച്ചതായും കണ്ടെത്തി. വെള്ളം കുടിക്കുന്നത് മൈഗ്രെയ്ൻ, മൂത്രാശയ അണുബാധ, പ്രമേഹം, ഹൈപ്പോടെൻഷൻ എന്നിവയുള്ള രോഗികളിൽ മികച്ച ഫലം ചെയ്യുമെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. മൂന്ന് മാസം ശരിയായ അളവിൽ വെള്ളം കുടിക്കുന്നത് മുതിർന്നവരിൽ ആവർത്തിച്ചിട്ടുള്ള തലവേദന അനുഭവപ്പെടുന്നത് കുറഞ്ഞതായും പഠനത്തിൽ വ്യക്തമാക്കുന്നു. എന്നാൽ വെള്ളം കുടിക്കുന്ന കാര്യത്തിൽ എല്ലാവർക്കും ഇത് ഒരേ രീതിയിൽ ആയിരിക്കില്ലെന്നും ഗവേഷകർ ഓർമ്മിപ്പിക്കുന്നു. ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നവർ വെള്ളം കുറച്ച് കുടിക്കുന്നതാണ് നല്ലതെന്നും ഗവേഷകർ ഓർമ്മിപ്പിക്കുന്നു.


















