പാലിന്റെയും പാല്‍ഉത്പന്നങ്ങളുടെയും ഗുണങ്ങള്‍

എല്ലുകളുടെയും പല്ലുകളുടെയും വളർച്ചക്കും ബലത്തിനും ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണ് പാൽ. കൂടാതെ ഓസ്റ്റിയോപൊറോസിസ് പോലുള്ള രോഗങ്ങൾ തടയാനും പാൽ സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. പേശികളുടെ വളർച്ചക്കും കേടുപാടുകൾ തീർക്കുന്നതിനും സഹായിക്കുന്ന ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീനുകൾ പാലിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ പാലിൽ നിന്ന് ഉണ്ടാക്കുന്ന മറ്റ് ഉൽപന്നങ്ങൾക്കും സവിശേഷമായ ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. പാലുപയോഗിച്ച് ഉണ്ടാക്കുന്ന തൈരിൽ ധാരാളം പ്രോബയോട്ടിക്കുകൾ അതായത് ഗുണകരമായ ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ഇത് കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ നിലനിർത്താനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. പാലുപയോഗിച്ചുള്ള മറ്റൊരു ഉൽപന്നമാണ് മോര്. ഇത് ദഹനത്തിന് വളരെ നല്ലതാണ്. പ്രത്യേകിച്ചും ഉഷ്ണകാലത്ത് ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താൻ സഹായിക്കുമെന്നും ആരോഗ്യവിദഗ്തർ പറയുന്നു. പ്രോട്ടീന്റെയും കാൽസ്യത്തിന്റെയും മികച്ച ഉറവിടമാണ് പനീർ. ഇത് പേശികളുടെ നിർമ്മാണത്തിനും എല്ലുകളുടെ ബലത്തിനും സഹായിക്കുന്നു.