അറിയാം വാഴപ്പിണ്ടിയുടെ ആരോഗ്യ ഗുണങ്ങള്‍

വാഴപ്പിണ്ടിയുടെ ആരോഗ്യഗുണകള്‍. വാഴപ്പഴം പൊട്ടാസ്യത്തിന്റെയും വിറ്റാമിനുകളുടെയും കലവറയാണ്. വാഴപ്പഴത്തിന്റെ അതെ ഗുണങ്ങളാണ് വാഴപ്പിണ്ടിയ്ക്കുമുള്ളത്. വാഴപ്പിണ്ടി കൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങള്‍ ആരോഗ്യത്തിന് വളരെ മികച്ചതാണ്. നാരുകളുടെ വന്‍ശേഖരമാണ് വാഴപിണ്ടി. അതുകൊണ്ടു തന്നെ വാഴപ്പിണ്ടി വയറു ശുചിയാക്കുന്നതിനും മലബന്ധം അകറ്റുന്നതിനും ഉത്തമ പരിഹാരമാണ്. ദഹനം മെച്ചപ്പെടുത്താനും ഇത് മികച്ചതാണെന്നാണ് ആരോഗ്യവിദഗ്തര്‍ പറയുന്നത്. വയറിനുള്ളിലെ കൊഴുപ്പ് ഉരുക്കാനും അതുവഴി കുടവയറും അമിതവണ്ണവും നിയന്ത്രിക്കാനും വാഴപ്പിണ്ടി മികച്ചതാണ്. ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദം എന്നിവയുള്ളവര്‍ക്ക് വാഴപ്പിണ്ടി കൊണ്ടുള്ള വിഭവങ്ങള്‍ പതിവായി കഴിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കും. ജലദോഷം, ചുമ, അണുബാധ പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വാഴപ്പിണ്ടി നല്ലതാണ്. ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വിളര്‍ച്ച തടയാന്‍ വാഴപ്പിണ്ടി വളരെ നല്ലതാണ്. ഇത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നു. പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോളും ഉയര്‍ന്ന രക്തസമ്മര്‍ദവും ഉള്ളവര്‍ക്ക് മികച്ച ഭക്ഷണമാണിത്. വിശപ്പു കുറയ്ക്കാനും അതുവഴി തടി കുറയ്ക്കാനും സഹായിക്കുന്ന ഭക്ഷണവിഭവമാണ് വാഴപ്പിണ്ടി. കിഡ്നിയില്‍ അടിഞ്ഞു കൂടുന്ന കാല്‍സ്യം നീക്കാന്‍ വാഴപ്പിണ്ടി അത്യുത്തമമാണ്. വാഴപ്പിണ്ടി തോരന്‍ വെച്ചോ കറിയാക്കിയോ കഴിക്കാവുന്നതാണ്.