കീടാണുക്കൾ ഏറ്റവും കൂടുതൽ ഒളിഞ്ഞിരിക്കുന്നത് നഖങ്ങളുടെ ഇടയിലാണെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്

കീടാണുക്കൾ ഏറ്റവും കൂടുതൽ ഒളിഞ്ഞിരിക്കുന്നത് നഖങ്ങളുടെ ഇടയിലാണെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. നഖത്തിനടയിൽ 32 വ്യത്യസ്ത തരത്തിലുള്ള ബാക്ടീരിയകളും 28 തരം ഫംഗസുകളും ഒളിഞ്ഞിരിക്കാമെന്ന് ചില പഠനങ്ങൾ ചൂണ്ടികാണിക്കുന്നു. കൈവിരലുകളുടെ നഖങ്ങൾ നീട്ടി വളർത്തി പലനിറത്തിലുള്ള നെയിൽ പോളിഷ് പുരട്ടുന്ന ശീലം സാധാരണമാണ്. എന്നാൽ നീളം കൂടിയ നഖങ്ങളിൽ അഴുക്കും ബാക്ടീരിയയിലും അടിഞ്ഞുകൂടാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടികാണിക്കുന്നു. അതുകൊണ്ട് നഖങ്ങൾ എപ്പോഴും വെട്ടി വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. കൂടാതെ നഖങ്ങൾ വെട്ടുമ്പോൾ ചർമവുമായി ചേർത്ത് വെട്ടാതിരിക്കാനും ക്യൂട്ടിക്കിളുകൾ അമിതമായി വെട്ടാതിരിക്കാനും ശ്രദ്ധിക്കണം. കൈകൾ കഴുകുന്നതിനൊപ്പം നഖങ്ങളും സോപ്പും വെള്ളവും ഉപയോഗിച്ച് സ്‌ക്രബ് ചെയ്യാൻ മടികാണിക്കരുത്. അതുപോലെ നഖങ്ങൾ ഇടയ്ക്കിടയ്ക്ക് കടിക്കുന്ന ശീലവും മാറ്റണം. കൈ വിരലുകളിലെ നഖങ്ങൾ വൃത്തിയായി സൂക്ഷിക്കുക എന്നത് പല രോഗങ്ങളെയും അകറ്റി നിർത്താൻ സഹായിക്കും.