അമീബിക്ക് മസ്തിഷ്‌കജ്വരത്തെക്കുറിച്ച് വിശദമായ പഠനം നടത്തണമെന്ന് ആരോഗ്യ വിദഗ്ദ്ധർ

അമീബിക്ക് മസ്തിഷ്‌കജ്വരത്തെക്കുറിച്ച് വിശദമായ പഠനം നടത്തണമെന്ന് ആരോഗ്യ വിദഗ്ദ്ധർ. ഇതുവരെ മലിനജലത്തിൽ കുളിക്കുന്നവർക്കാണ് രോഗം ബാധിച്ചിരുന്നത്, എന്നാൽ കുളിമുറിയിൽ കുളിക്കുന്നവർക്കും രോഗം ബാധിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നിർദ്ദേശം. ഈ വർഷം രോഗം ബാധിച്ച് 16 പേരാണ് മരിച്ചത്. കേരളത്തിലാണ് ഇതുവരെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗം ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ, സംസ്ഥാനത്ത് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ജലം ശുദ്ധീകരിക്കുന്നതിനുള്ള ക്യാമ്പയിൻ വിവിധ ആരോഗ്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് തുടങ്ങിയിട്ടുണ്ട്. ആരോഗ്യസ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആശാപ്രവർത്തകർ, കുടുംബശ്രീപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായി ഉണ്ടാകുന്ന രോഗ ബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം അഥവ അമീബിക് എൻസെഫലൈറ്റിസ്. മൂക്കിനേയും മസ്തിഷ്‌കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ്ണപുടത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കും. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. രോഗാണുബാധ ഉണ്ടായാൽ ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും.