ശ്രീധരന്‍പിള്ളയ്ക്ക് സീറ്റില്ല, മത്സരിക്കേണ്ടെന്ന് കേന്ദ്ര നേതൃത്വം, പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ തന്നെ

ന്യൂഡല്‍ഹി: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ പ്രഖ്യാപിക്കുമെന്ന് സൂചന. സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള മത്സരിക്കേണ്ടെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. ഇക്കാര്യം നേതൃത്വം ശ്രീധരന്‍പിള്ളയോട് ആവശ്യപ്പെട്ടതായാണ് വിവരം. ഇതോടെ പത്തനംതിട്ടയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥി ആകുമെന്ന് ഉറപ്പായി.

പത്തനംതിട്ട സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ബിജെപി സീറ്റ് നിര്‍ണയം വൈകാന്‍ കാരണമായത്. പി എസ് ശ്രീധരന്‍പിള്ള, കെ സുരേന്ദ്രന്‍, എം ടി രമേശ് എന്നിവര്‍ക്ക് പുറമെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും പത്തനംതിട്ട സീറ്റിനായി രംഗത്തെത്തിയതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം സങ്കീര്‍ണമായി. ബിജെപിക്ക് വിജയസാധ്യതയുള്ള സീറ്റുകളായി കണക്കാക്കുന്ന പത്തനംതിട്ടയോ, തൃശൂരോ നല്‍കിയില്ലെങ്കില്‍ മല്‍സരിക്കാനില്ലെന്ന നിലപാടിലായിരുന്നു സുരേന്ദ്രന്‍. എന്നാല്‍ തൃശൂര്‍ സീറ്റ് ബിഡിജെഎസിന് നല്‍കുകയായിരുന്നു.

തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്രനേതൃത്വം അംഗീകരിച്ചുവെന്ന് പാര്‍ട്ടി നേതാവ് പി കെ കൃഷ്ണദാസ് അറിയിച്ചു. രാത്രി ഒരു മണിയോടെയാണ് സംസ്ഥാന നേതൃത്വവുമായുള്ള ചര്‍ച്ചക്ക് ശേഷം പട്ടിക തയ്യാറാക്കിയത്. സംസ്ഥാന നേതൃത്വം തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ കേന്ദ്രം ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പുതുക്കിയ പട്ടിക ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് കൈമാറി. ഇന്ന് വൈകിട്ടോ നാളെയോ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

LEAVE A REPLY