ചലച്ചിത്ര പ്രവർത്തകനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യ നിലയെ കുറിച്ച് പുതിയ വിവരങ്ങൾ പുറത്തുവന്നു

ചലച്ചിത്ര പ്രവർത്തകനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യ നിലയെ കുറിച്ച് പുതിയ വിവരങ്ങൾ പുറത്തുവന്നു.
സുഹൃത്തും സഹപ്രവർത്തകനുമായ പ്രതാപ് ജയലക്ഷ്മിയാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിവരം പങ്കുവച്ചത്. രാജേഷ് ഇപ്പോഴും ഐസിയുവിലാണ്. ബിപിയും പൾസും നോർമൽ ആയിരിക്കുമ്പോഴും, ഹൃദയാഘാതത്തെ തുടർന്നുണ്ടായ പ്രത്യാഘാതങ്ങൾ പരിഹരിക്കാൻ ദീർഘമായ ചികിത്സ ആവശ്യമായേക്കുമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. എന്നാൽ, തിരിച്ചുവരവിന്റെ സൂചനകൾ കാണിക്കുന്നതിനാൽ അടുത്ത ആഴ്ചയോടെ അദ്ദേഹത്തെ റൂമിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി. രാജേഷിന്റെ ചികിത്സയ്ക്കായി ലേക്‌ഷോർ ഹോസ്പിറ്റലിലെ വിദഗ്ധർ പ്രത്യേക പാനൽ രൂപീകരിച്ചു. കൂടാതെ, ന്യൂറോ റീഹാബിലിറ്റേഷനുമായി ബന്ധപ്പെട്ട വിദഗ്ദ ചികിത്സ തേടാൻ കേരളത്തിന് പുറത്തുള്ള ആശുപത്രികളുമായി ആശയവിനിമയം നടക്കുന്നുണ്ടെന്നും ഡോക്ടർമാർ പറഞ്ഞതായി പ്രതാപ് ഫേസ്ബുക് പോസ്റ്റിൽ പറയുന്നു. ആഗസ്റ്റ് 24ന് രാത്രി കൊച്ചിയിലെ ഹോട്ടലിൽ നടന്ന പരിപാടിക്ക് ശേഷം തളർന്നുവീണ രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.