മഴക്കാലം പ്രമേഹരോഗികള്‍ക്ക് അത്ര നല്ലതല്ല

മഴക്കാലം പ്രമേഹ രോഗികള്‍ക്ക് അത്ര നല്ലകാലമല്ല. ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ മറ്റുള്ളവരെ അപേക്ഷിച്ച് പ്രമേഹ രോഗികളില്‍ നിര്‍ജ്ജലീകരണം സംഭവിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാവുകയും ചെയ്യാം. മാത്രമല്ല, തലകറക്കം, ദാഹം, തലവേദന, ക്ഷീണം, രക്തസമ്മര്‍ദ്ദത്തിലെ വ്യത്യാസം എന്നിവയ്ക്കും ഈര്‍പ്പം നിറഞ്ഞ കാലാവസ്ഥ കാരണമാകാം. നിര്‍ജ്ജലീകരണം രക്തത്തിലെ ഗ്ലൂക്കോസ് നില കൂട്ടാനും ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നല്‍ വര്‍ധിപ്പിക്കാനും കാരണമാകുന്നു. പ്രമേഹം കൂടുന്ന സാഹചര്യത്തില്‍ വിയര്‍പ്പ് ഗ്രന്ഥി ശരിയായി പ്രവര്‍ത്തിക്കാത്തതുമൂലം ശരീരം വിയര്‍ക്കാതിരിക്കുകയും ശരീരം തണുക്കാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യാം. ആയതിനാല്‍ പ്രമേഹ രോഗികള്‍ മഴക്കാലത്ത് ആരോഗ്യ പ്രശ്‌നങ്ങളെ നേരിട്ടാല്‍ ഉടന്‍ ആരോഗ്യ വിദഗ്ധരുടെ സേവനം തേടാന്‍ മടിക്കരുത്.