കാന്‍സറിന് കാരണമാകുന്ന അപൂര്‍വ ജനിതക വ്യതിയാനം പേറുന്ന ബീജദാതാവ് 197 കുട്ടികളുടെ അച്ഛനായ സംഭവത്തില്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍. കോപ്പന്‍ഹേഗന്‍ ആസ്ഥാനമായുള്ള യൂറോപ്യന്‍ സ്പേം ബാങ്ക് മുഖേനെയാണ് ഇയാള്‍ 14 രാജ്യങ്ങളിലായി ബീജദാനം നടത്തിയത്.
ഇയാളുടെ ബീജദാനത്തിലൂടെ ജനിച്ച പല കുട്ടികള്‍ക്കും ഇതിനകം കാന്‍സര്‍ സ്ഥിരീകരിക്കുകയും ചില കുട്ടികള്‍ ചെറുപ്പത്തിലേ മരിക്കുകയും ചെയ്തു. 2005 മുതല്‍ 17 വര്‍ഷക്കാലത്തോളം ഇയാള്‍ തുടര്‍ച്ചയായി ബീജദാനം നടത്തി. ഇയാളിലെ ടിപി53 എന്ന ജീനിനാണ് മ്യൂട്ടേഷന്‍ സംഭവിച്ചത്. അസാധാരണമായ കോശവളര്‍ച്ച നിയന്ത്രിച്ച് ശരീരത്തെ കാന്‍സര്‍ ബാധിക്കാതെ സംരക്ഷിക്കുന്ന ജീനാണ് ഇത്. ആയതിനാല്‍ ഇയാളുടെ ബീജത്തില്‍ നിന്ന് ജന്മമെടുത്ത കുഞ്ഞുങ്ങളുടെ ശരീരത്തിലെ എല്ലാ കോശങ്ങളിലും ഈ മ്യൂട്ടേഷനുണ്ടാകും. ഇത് ഈ കുട്ടികള്‍ക്ക് കാന്‍സര്‍ ബാധിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. യൂറോപ്യന്‍ ബ്രോഡ്കാസ്റ്റിങ് യൂണിയനില്‍പ്പെട്ട 14 മാധ്യമങ്ങള്‍ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍.



















