2023ൽ ലോകമെമ്പാടുമായി അഞ്ചു വയസ്സിന് താഴെയുള്ള പത്ത് ലക്ഷം കുട്ടികൾ പല കാരണങ്ങളാൽ ജീവൻ വെടിഞ്ഞതായും അതിൽ 100,000ത്തിലധികം കുഞ്ഞുങ്ങൾ ഇന്ത്യയിലാണെന്നും പുതിയ പഠനം. ഭാരക്കുറവ്, വളർച്ചാ മുരടിപ്പ് അല്ലെങ്കിൽ പോഷാകാരക്കുറവ്, അമിത ക്ഷീണം എന്നിവയുൾപ്പെടെയുള്ള വളർച്ചാ വൈകല്യങ്ങളുമായി ബന്ധപ്പെട്ട അവസ്ഥകൾ കാരണമാണ് കൂടുതൽ മരണങ്ങൾ എന്നും പഠനത്തിൽ വ്യക്തമാക്കുന്നു. ദി ലാൻസെറ്റ് ചൈൽഡ് ആൻഡ് അഡോളസെന്റ് ഹെൽത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പഠനത്തിൽ പറയുന്നത്
വളർച്ചാഘട്ടത്തിലെ പ്രശ്നം മൂലം അഞ്ച് വയസ്സിന് താഴെയുള്ള മരണങ്ങളിൽ ഏറ്റവും കൂടുതൽ നൈജീരിയയിലാണെന്നാണ്. തൊട്ടുപിന്നിൽ ഇന്ത്യയാണ് . 50000ത്തിലധികം മരണങ്ങളുമായി ഇന്ത്യക്കു പിന്നിൽ മൂന്നാം സ്ഥാനത്താണ് ആഫ്രിക്കൻ രാജ്യമായ കോംഗോയാണ്. ശ്വാസകോശ സംബന്ധമായ അണുബാധകൾ, വയറിളക്ക രോഗങ്ങൾ, മലേറിയ, അഞ്ചാംപനി തുടങ്ങിയ നിരവധി രോഗങ്ങൾ മരണത്തിനും വൈകല്യത്തിനും സാധ്യത വർധിപ്പിക്കുന്നുവെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. 204 രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി രോഗങ്ങൾ, പരിക്കുകൾ, അപകടസാധ്യത ഘടകങ്ങൾ എന്നിവ മൂലമുണ്ടാകുന്ന ആരോഗ്യ നഷ്ടത്തിന്റെ ഏറ്റവും പുതിയ സമഗ്ര വിലയിരുത്തലായ ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് സ്റ്റഡി 2023ൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഈ വിലയിരുത്തൽ.



















