അർബുദ സ്ഥിരീകരണത്തേക്കുറിച്ച് തുറന്നുപറഞ്ഞു WWE താരം

അർബുദ സ്ഥിരീകരണത്തേക്കുറിച്ച് തുറന്നുപറഞ്ഞു WWE താരം ജോൺ സീന. പീപ്പിൾ മാ​ഗസിന് നൽകിയ അഭിമുഖത്തിലാണ് ജോൺ സീന രോഗത്തെ കുറിച്ച് തുറന്നു പറഞ്ഞത്. സൺസ്ക്രീൻ ഉപയോ​ഗം ചർമാർബുദത്തെ പ്രതിരോധിക്കുന്നതിൽ എത്രത്തോളം പ്രധാനമാണെന്ന് ജോൺ സീന ഇപ്പോൾ ചൂണ്ടിക്കാട്ടുകയാണ്. ചർമാർബുദം സ്ഥിരീകരിച്ചതോടെ സൺ സ്ക്രീനുകളുടെ ഉപയോ​ഗത്തേക്കുറിച്ചുള്ള കാഴ്ചപ്പാട് മാറിയെന്നാണ് ജോൺ സീന വ്യക്തമാക്കിയത്. സാധാരണ ചെയ്യാറുള്ള ചെക്കപ്പിനിടെയാണ് ഡെർമറ്റോളജിസ്റ്റ് അസ്വാഭാവികത കണ്ട് വിദ​ഗ്ധ ചികിത്സയ്ക്ക് നിർദേശിച്ചത്. നെഞ്ചിലും തോൾഭാ​ഗത്തും വെള്ളനിറത്തിലുള്ള പോൾക ഡോട്ടിന്റെ രൂപത്തിലാണ് അടയാളം പ്രകടമായത്. അടയാളം നീക്കം ചെയ്യുകയും ചെയ്തു. ഇന്ന് താൻ സൺസ്ക്രീൻ പുരട്ടാതെ പുറത്തിറങ്ങാറില്ലെന്നും എല്ലാവരും അക്കാര്യം ​ഗൗരവത്തോടെ കാണേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ആരോ​ഗ്യകരമായ ശരീരത്തിന് വെയിൽ കൊള്ളുന്നത് അനിവാര്യമാണെങ്കിലും അമിതമാകുന്നത് ​ഗുണത്തേക്കാളേറെ ​ദോഷമാണ് ചെയ്യുക. ചർമാർബുദ മരണങ്ങളിൽ മൂന്നിലൊന്നിനും പിന്നിൽ അമിതമായി വെയിൽ കൊള്ളുന്നതാണെന്ന് ലോകാരോ​ഗ്യസംഘടന അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഏറെക്കാലം അൾട്രാവയലറ്റ് രശ്മികൾ ഏൽക്കുന്നത് ഡി.എൻ.എ. തകരാറുകൾക്ക് കാരണമാവുകയും മെലനോമ, മറ്റ് ചർമാർബുദങ്ങൾ എന്നിവയുടെ സാധ്യത കൂട്ടുകയും ചെയ്യുന്നതാണ്. അമിതമായ സൂര്യരശ്മികളിൽ നിന്ന് നമ്മുടെ ചർമത്തെ സംരക്ഷിക്കാൻ സഹായിക്കുന്നവയാണ് സൺസ്ക്രീനുകൾ. അതുകൊണ്ട് തന്നെ സൺസ്ക്രീൻ പുരട്ടുന്നത് നമുക്ക് ​ഗുണംചെയ്യും.