സൺസ്‌ക്രീൻ ഉപയോഗിക്കുന്നത് കാൻസറിന് കാരണമോ?

സൺസ്‌ക്രീൻ ഉപയോഗിക്കുന്നത് കാൻസറിന് കാരണമോ? സൺസ്‌ക്രീനുകൾ അപകടകരമാണെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 2019-ലെ എഫ്‌ഡിഎ റിപ്പോർട്ടിനെ ഉദ്ധരിച്ച് ഓക്സിബെൻസോൺ ഉൾപ്പെടെയുള്ള സൺസ്‌ക്രീനിലെ രാസവസ്തുക്കൾ ഒരു തവണ ഉപയോഗിച്ചാൽ തന്നെ രക്തപ്രവാഹത്തിൽ പ്രവേശിച്ച് ത്വക്ക് കാൻസർ സാധ്യത ഉണ്ടാകുമെന്നും പ്രത്യേകിച്ച് മെലനോമ വർദ്ധിപ്പിക്കുമെന്നുമാണ് വിഡിയോയിലെ അവകാശവാദം. എഫ്‌ഡിഎയും അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജിയിൽ നിന്നുള്ള വിദ‌ഗ്‌ധരും ഇത് ഹാനികരമല്ലെന്നാണ് പറയുന്നത്. ഈ പഠനത്തിന് കൂടുതൽ ഗവേഷണം ആവശ്യമാണ് .സൂര്യരശ്മിയിൽ നിന്നുള്ള സംരക്ഷണത്തിന് സൺസ്‌ക്രീൻ ഉപയോഗിക്കുന്നത് തുടരണമെന്ന് തന്നെയാണ് നിലവിൽ വിദഗ്ധർ ശുപാർശ ചെയ്യുന്നത്. സൺസ്‌ക്രീൻ ഘടകങ്ങളുടെ സിസ്റ്റമിക് എക്‌സ്‌പോഷറിന്റെ സുരക്ഷയും ഫലവും നിർണയിക്കാൻ കൂടുതൽ പരിശോധനകളും പഠനങ്ങളും നടത്താൻ എഫ്‌ഡിഎ നിർദ്ദേശിച്ചിട്ടുണ്ട് . സൺസ്‌ക്രീൻ കാൻസറിന് കാരണമാകുമെന്ന് തെളിയിക്കുന്ന പഠനങ്ങൾ ഇതുവരെ ലഭ്യമല്ല .ലഭ്യമായ വിവരങ്ങളിൽ നിന്ന് സൺസ്‌ക്രീൻ കാൻസറിന് കാരണമാകുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായതായാണ് വിദഗ്ധർ പറയുന്നത്. ഇതിന്മേലുള്ള പഠനങ്ങൾ നടന്നു വരികയാണ്.