ഗ്രിൽഡ് ചിക്കൻ കഴിക്കുന്നവരാണോ നിങ്ങൾ? പാചകം ശരിയായില്ലെങ്കില്‍ പണി കിട്ടും

ഗ്രിൽഡ് ചിക്കൻ കഴിക്കുന്നവരാണോ നിങ്ങൾ? ചിക്കൻ ​ശരിയായ രീതിയിലല്ല പാകം ചെയ്യുന്നതെങ്കിൽ ദോഷമേറെയാണെന്ന് ഹൈദരാബാദിൽ നിന്നുള്ള പ്രശസ്ത ന്യൂറോളജിസ്റ്റ് ആയ ഡോ.സുധീർ കുമാർ ചൂണ്ടിക്കാട്ടുന്നു. ഗ്രിൽഡ് ചിക്കൻ വിഭവങ്ങൾ ഉയർന്ന ചൂടിൽ വേവിക്കുന്നതും ദിവസേന കഴിക്കുന്നതുമൊക്കെ ആരോ​ഗ്യത്തിന് ഹാനികരമാണ്. ​ഗ്രില്ലിങ്, റോസ്റ്റിങ് പോലെ ഉയർന്ന താപനിലയിൽ ഇറച്ചി വേവിക്കുന്ന രീതിയിൽ ശരീരത്തിന് ഹാനികരമായ ഹെറ്റെറോസൈക്ലിക് അമിനെസ്, പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാർബൺസ് എന്നീ സംയുക്തങ്ങൾ രൂപപ്പെടുമെന്നാണ് ഡോ. സുധീർ കുമാർ പറയുന്നത്. മലാശയ അർബുദം, പാൻക്രിയാറ്റിക് കാൻസർ, പ്രോസ്റ്റേറ്റ് കാൻസർ എന്നിവയുടെ സാധ്യത വർധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അമിതമായി മാരിനേറ്റ് ചെയ്ത, റെസ്റ്ററന്റ് ശൈലിയിലുള്ള ​ഗ്രിൽ‍‍ഡ് ചിക്കനാണ് തയ്യാറാക്കുന്നതെങ്കിൽ കൊഴുപ്പും സോഡിയവും അധിക അളവിൽ ശരീരത്തിലെത്തും. അത് ഹൃദ്രോ​ഗങ്ങൾക്കും കൊളസ്ട്രോൾ നില ഉയരാനും വണ്ണംവെക്കാനും രക്തസമ്മർദം കുടാനും കാരണമാകും. എന്നാൽ സുരക്ഷിതമായ രീതിയിൽ കഴിക്കാനുള്ള വഴിയും അദ്ദേഹം ചൂണ്ടികാട്ടുന്നുണ്ട്. 75 ഡി​ഗ്രി സെൽഷ്യസ് ആന്തരിക താപനിലയിൽ വേവിക്കുക, കരിയാതിരിക്കാൻ നേരിട്ട് ചൂടേൽക്കുന്ന രീതി ഒഴിവാക്കുക, അമിതമായ കാെഴുപ്പ് നീക്കംചെയ്യുക, കലോറിയും കൊഴുപ്പും കുറയ്ക്കണമെങ്കിൽ തൊലി നീക്കം ചെയ്യുക എന്നിവ ​ഗുണംചെയ്യുമെന്നാണ് ഡോ.സുധീർ കുമാർ പറയുന്നത്.