ദുബൈയില്‍ പൊലീസിന് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച പ്രവാസി അറസ്റ്റിൽ

ദുബായ്: ദുബൈയില്‍ പൊലീസിന് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച പ്രവാസിക്ക് ആറ് മാസം തടവും 10,000 ദിര്‍ഹം പിഴയും ശിക്ഷ വിധിച് ദുബായ് ക്രിമിനൽ കോടതി. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം പ്രതിയെ യുഎഇയില്‍ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. ദുബൈയിലെ നൈഫ് പൊലീസ് സ്റ്റേഷനിലുള്ള ഉദ്യോഗസ്ഥന് കൈക്കൂലി കൊടുക്കാന്‍ ശ്രമിക്കവെയാണ് ഇയാൾ പിടിയിലായത്. കൈക്കൂലി കേസില്‍ അറസ്റ്റിലായ പ്രതിയുടെ സഹോദരന്‍ നേരത്തെ വിസാ കാലാവധി കഴിഞ്ഞിട്ടും യുഎഇയില്‍ അനധികൃതമായി താമസിച്ചതിന് പൊലീസിന്റെ പിടിയിലായിരുന്നു. താന്‍ അറസ്റ്റിലായെന്ന വിവരം സഹോദരനെ വിളിച്ച് അറിയിക്കാന്‍ അനുവദിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അതിന് അനുമതി നല്‍കിയിരുന്നു. പോലീസ് സ്റ്റേഷനിൽ എത്തിയ ഇയാളുടെ സഹോദരൻ പൊലീസ് ഉദ്യോഗസ്ഥനോട് രഹസ്യമായി സംസാരിക്കുകയും 10,000 ദിര്‍ഹം കൈക്കൂലി തരാമെന്നും തന്റെ സഹോദരനെതിരെ നിയമ നടപടികളൊന്നും സ്വീകരിക്കരുതെന്നും ആവശ്യപ്പെട്ടു. കൈക്കൂലി വാഗ്ദാനം ലഭിച്ച ഉദ്യോഗസ്ഥന്‍ തന്റെ മേലുദ്ദ്യോഗസ്ഥനെ അറിയിക്കുകയും പ്രവാസിയെ പിടികൂടുകയുമായിരുന്നു.

LEAVE A REPLY