എണ്ണയിൽ സ്തനാർബുദത്തിന് കാരണമാകുന്ന ഘടകമെന്ന് പുതിയ പഠന റിപ്പോർട്ട്. എന്നാൽ, ഇപ്പോഴിതാ പാചകത്തിന് ഉപയോഗിക്കുന്ന എണ്ണയുടെ അമിത ഉപയോഗം പല ആരോഗ്യപ്രശ്നങ്ങൾക്കും വഴിവെച്ചേക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. വെജിറ്റബിൾ ഓയിൽ, സീഡ് ഓയിൽ എന്നിവയുടെ ഉപയോഗത്തെക്കുറിച്ചാണ് ഇവർ മുന്നറിയിപ്പ് നൽകുന്നത്. ഈ എണ്ണകളിൽ കാണപ്പെടുന്ന ലിനോലെയിക് ആസിഡ് ട്രിപ്പിൾ-നെഗറ്റീവ് സ്തനാർബുദത്തിന് കാരണമായേക്കാമെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ലിനോലെയിക് ആസിഡിന്റെ സ്ഥിരമായ ഉപയോഗം വില്ലനായേക്കുമെന്നാണ് വെയിൽ കോർണൽ മെഡിസിനിലെ ഗവേഷകർ നടത്തിയ പ്രീക്ലിനിക്കൽ പഠനത്തിൽ നിന്ന് വ്യക്തമാകുന്നത്. സോയാബീൻ, സൺഫ്ലവർ തുടങ്ങിയ എണ്ണകളിലും പന്നി ഇറച്ചി, മുട്ട തുടങ്ങിയ ഉത്പ്പന്നങ്ങളിലും കാണപ്പെടുന്ന ഒമേഗ-6 ഫാറ്റി ആസിഡാണ് ലിനോലെയിക് ആസിഡ്. സാധാരണ സ്തനാർബുദത്തിൽ നിന്ന് വ്യത്യസ്തമായി ദ്രുതഗതിയിലുള്ള വ്യാപനത്തിന് സാധ്യതയുള്ളതാണ് ട്രിപ്പിൾ-നെഗറ്റീവ് സ്തനാർബുദം. ഈ ഘട്ടത്തിൽ അതിജീവനവും ചികിത്സയും ഏറെ പ്രയാസമാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്.






















