ഉയർന്ന അളവിൽ മധുരം കഴിക്കാറുണ്ടോ?

ഉയർന്ന അളവിൽ മധുരം കഴിക്കുന്നത് ഹൃദയത്തിന് പണിതരും.
ബിഎംസി മെഡിസിൻ എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഉയർന്ന അളവിലുള്ള മധുരം, പ്രത്യേകിച്ച് ഭക്ഷണങ്ങളിലും പാനീയങ്ങളിലും ചേർക്കുന്ന ഫ്രീ ഷു​ഗർ എന്നറിയപ്പെടുന്ന മധുരം ഹൃദ്രോ​ഗസാധ്യതയും പക്ഷാഘാതസാധ്യതയും വർധിപ്പിക്കുമെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഒമ്പതുവർഷത്തോളം മുപ്പത്തിയേഴിനും എഴുപത്തിമൂന്നിനും ഇടയിൽ പ്രായമുള്ള 110,000 യു.കെ. സ്വദേശികളുടെ ആരാേ​ഗ്യവിവരങ്ങൾ ശേഖരിച്ച് നടത്തിയ പഠനത്തിനൊടുവിലാണ് വിലയിരുത്തലിലെത്തിയത്.
ഫ്രീ ഷു​ഗറിന്റെ അളവ് ഓരോ അഞ്ച് ശതമാനവും വർധിക്കുകവഴി ഹൃദ്രോ​ഗസാധ്യത ആറുശതമാനവും പക്ഷാഘാതസാധ്യത പത്തുശതമാനവും വർധിക്കുന്നതായി ​ഗവേഷകർ കണ്ടെത്തി. അതേസമയം പഴങ്ങളിലും പച്ചക്കറികളിലും സ്വാഭാവികമായി കാണപ്പെടുന്ന മധുരത്തെ ഇക്കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. അമിതമായി മധുരം കഴിക്കുന്നത് കരളിന് ഇരട്ടിഭാരം നൽകും. കരളിൽ കൊഴുപ്പടിയുന്ന ഫാറ്റി ലിവർ എന്ന അവസ്ഥയ്ക്കും ഇതുവഴി ഡയബറ്റിസിനും ഹൃദ്രോ​ഗങ്ങൾക്കും കാരണമാകുംഎന്നും ഗവേഷകർ പഠനത്തിൽ കൂട്ടിച്ചേർത്തു.