ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ സിസേറിയനിടെ തുണിക്കഷ്ണം സ്ത്രീയുടെ വയറ്റിൽ മറന്നുവെച്ച് തുന്നിയതായി പരാതി. അര മീറ്റർ നീളമുള്ള തുണികഷ്ണമാണ് ശസ്ത്രക്രിയക്കിടെ മറന്നുവെച്ചു തുന്നിയത്. യുവതിക്ക് സ്ഥിരമായി വയറുവേദന അനുഭവപ്പെട്ടിരുന്നു. ഈ സമയമത്രയും വിവിധ ചികിത്സകൾ തേടുകയും വേദനസംഹാരികളും മറ്റ് മരുന്നുകളും നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന്, മറ്റൊരു ആശുപത്രിയിലെ ഡോക്ടർമാരുടെ നിർദേശപ്രകാരം നടത്തിയ ശസ്ത്രക്രിയക്കിടയിലാണ് സംഭവം പുറത്തുവന്നത്. കുറച്ച് കാലംകൂടെ ആ തുണി വയറ്റിൽ കിടന്നിരുന്നെങ്കിൽ മരിക്കാൻ സാധ്യതയുണ്ടായിരുന്നുവെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ആശുപത്രിയിലെ ഡോക്ടർമാർക്കെതിരേ കർശന നടപടി ആവശ്യമാണെന്നും യുവതിയുടെ ഭർത്താവ് ചൂണ്ടിക്കാട്ടി.






















