ഉത്തര്‍പ്രദേശിലെ വൃന്ദാവനിൽ വയറുവേദന മാറാത്തതിനെ തുടർന്ന് യൂട്യൂബ് നോക്കി സ്വയം ശസ്ത്രക്രിയ നടത്തിയ യുവാവ് ആശുപത്രിയില്ലെന്ന് റിപ്പോർട്ട്. ഡോക്ടറെ കാണിച്ചിട്ടും കടുത്ത വയറുവേദന കലശലായതോടെയാണ് 32-കാരനായ ബാബുവാണ് യൂട്യൂബ് നോക്കി സ്വയം വയര്‍ കീറി തുന്നിയത്. അപ്പെന്‍ഡിസൈറ്റിസ് ദീര്‍ഘകാലമായി യുവാവിനെ അലട്ടുന്നുണ്ട്. 14 വയസുള്ളപ്പോള്‍ അപ്പെന്‍ഡിസൈറ്റിസിന് ഇയാള്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അടുത്തിടെയും ഇയാൾക്ക് വയറിന് കടുത്ത വേദന അനുഭവപ്പെട്ടിരുന്നു. യൂട്യൂബ് വീഡിയോകള്‍ നോക്കി മഥുരയിലെ മാര്‍ക്കറ്റില്‍ നിന്ന് ശസ്ത്രക്രിയക്ക് ആവശ്യമായ സര്‍ജിക്കല്‍ ബ്ലേഡ്, സൂചി, മുറിവ് തുന്നിക്കെട്ടാനുള്ള ചരട് തുടങ്ങിയവ ഇയാള്‍ വാങ്ങി. വീട്ടിലെ മുറിയില്‍വെച്ചായിരുന്നു ശസ്ത്രക്രിയ നടത്തിയത്. വയറിലെ കീറേണ്ട ഭാഗത്ത് മരവിപ്പ് അനുഭവപ്പെടാനുള്ള കുത്തിവെയ്പ്പും എടുക്കുകയും ശസ്ത്രക്രിയക്ക് ശേഷം മുറിവ് സ്വയം തുന്നിക്കെട്ടുയും ചെയ്തു. യുവാവിന് 11 സ്റ്റിച്ചുണ്ടായിരുന്നു. മരവിപ്പിനെടുത്ത കുത്തിവെയ്പ്പിന്റെ ഫലം കുറഞ്ഞപ്പോഴാണ് ബാബുവിന് വേദന സഹിക്കാൻകഴിയാതെ വന്നത്. കടുത്ത വേദനകൊണ്ട് പുളഞ്ഞ് നിലവിളിച്ച ഇയാളെ ഒടുവില്‍ ബന്ധുക്കള്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. യുവാവ് ഇപ്പോൾ ചികിത്സയിൽ തുടരുകയാണ്.






















