ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിവിധ വകുപ്പുകളില്‍ വീണ്ടും കേസെടുത്തു

ജെഎന്‍യു വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ വീണ്ടും കേസെടുത്തു. ന്യൂഡല്‍ഹിയിലെ ലോധി റോഡ് പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഘം ചേരല്‍, ഗതാഗത തടസ്സം , പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കമുള്ളവ ചേര്‍ത്താണ് കേസ്.

വിദ്യാര്‍ത്ഥി സമരത്തിനെതിരെയുള്ള പൊലീസ് നടപടിക്കെതിരെ ജെഎന്‍യുവിലെ അധ്യാപക സംഘടനയും രംഗത്ത് വന്നു. ഇന്ന് ക്യാമ്പസില്‍ അധ്യാപക സംഘടന പ്രതിഷേധിച്ചു. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയനെ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചതിന് തൊട്ടു പിന്നാലെ പൊലീസ് വിദ്യാര്‍ത്ഥികളെ ആക്രമിച്ചിരുന്നു. വഴിവിളക്കുകള്‍ അണച്ച ശേഷം കൂട്ടത്തോടെ എത്തിയ പൊലീസും സിആര്‍പിഎഫും വിദ്യാര്‍ത്ഥികളെ തല്ലി. ഇതോടെ മണിക്കൂറുകളോളം റോഡ് ഉപരോധിച്ച് സമരം നടത്തിയ വിദ്യാര്‍ത്ഥികള്‍ പലഭാഗത്തേക്ക് ചിതറിയോടുകയായിരുന്നു.