ഇനി എനിക്കു മക്കള്‍ വേണ്ട; വാളയാര്‍ വിഷയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി സാജു നവോദയ

വാളയാര്‍ വിഷയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി നടന്‍ സാജു നവോദയ. നീതി നിഷേധിക്കപ്പെട്ട അവസ്ഥയാണ് ഇപ്പോള്‍ ഉള്ളതെന്നും അതില്‍ കടുത്ത നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാളയാര്‍ പീഡനക്കേസ് പ്രതികളെ വെറുതേവിട്ട നടപടിയില്‍ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറെ വര്‍ഷങ്ങളായി കുഞ്ഞുങ്ങളില്ലാത്ത ആളാണ് ഞാന്‍ അതില്‍ വലിയ വിഷമമുണ്ട് എന്നാല്‍, ഇനി എനിക്കു മക്കള്‍ വേണ്ട എന്നാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. വ്യക്തമായ രാഷ്ട്രീയ ചിന്തയുള്ള ആളാണ് ഞാന്‍. ഒരു രാഷ്ട്രീയപാര്‍ട്ടിക്കും എതിരല്ല. പക്ഷേ ആ കുട്ടികള്‍ക്കു നീതി ലഭിക്കണം. ഇവിടെ പിഞ്ചു കുട്ടികള്‍ക്ക് നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണ്. മക്കള്‍ ഉണ്ടാകരുത് എന്നാണ് ഇപ്പോള്‍ ആഗ്രഹം. മക്കളുണ്ടായാല്‍ അവര്‍ക്ക് ഈ നാട്ടില്‍ സ്വസ്ഥമായി ഉറങ്ങാന്‍ സാധിക്കില്ല. ഇപ്പോള്‍ ഇല്ലെന്നൊരു സങ്കടമുണ്ട്.

നമ്മുടെ കേരളത്തില്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കുഞ്ഞുങ്ങള്‍ ജനിക്കാതിരിക്കുന്നതാണ് നല്ലത്. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെയാണ് ഇവര്‍ ചെയ്യുന്നത്. ഇവരൊക്കെ മനുഷ്യന്മാരായി ജനിച്ചത് തന്നെ കഷ്ടം. കുഞ്ഞുമക്കളുടെ അവസ്ഥ കേട്ടിട്ടാണ് ഇങ്ങനെ പറയേണ്ടിവരുന്നത്. അത് ആണ്‍കുഞ്ഞായാലും പെണ്‍കുഞ്ഞായാലുമെന്നാണ് സാജു പ്രതികരിച്ചത്.

വാളയാര്‍ വിധിയില്‍ പ്രതിഷേധിച്ച് സിനിമാപ്രവര്‍ത്തകരായ ഒറു സംഘം ചെറുപ്പക്കാര്‍ നടത്തിയ തെരുവ് നാടകത്തില്‍ പങ്കെടുക്കവേയായിരുന്നു സാജുവിന്റെ പ്രതികരണം. സിനിമാ പ്രവര്‍ത്തനായ നവജിത്ത് നാരായണന്റെ നേതൃത്വത്തില്‍ റാഷില്‍ ഖാന്‍, നിഖില്‍ ജയന്‍ തുടങ്ങിയവരാണ് തെരുവ് നാടകത്തില്‍ അഭിനയിച്ചത്. എറണാകുളം ബോട്ട്‌ജെട്ടിയില്‍ നിന്ന് ആരംഭിച്ച കലാപ്രകടനം ജിസിഡിഎ കോംപ്ലക്‌സിനു മുന്നില്‍ സമാപിച്ചു.