പുലിമുരുകന്‍ നൂറു കോടിയിലെത്തിയത് ടിക്കറ്റ് നിരക്ക് കൂട്ടിയതിനാല്‍

തിരുവനന്തപുരം: കേരളത്തിലെ തിയേറ്ററുകളില്‍ ഈടാക്കുന്നത് അമിത നിരക്കാണെന്ന് കെ.ബി ഗണേഷ് കുമാര്‍. ചാര്‍ജ് കൂട്ടിയതുകൊണ്ടാണ് പുലിമുരുകന്‍ നൂറു കോടി ക്ലബിലും പ്രേമം അമ്പത് കോടിയിലും എത്തിയത്. വിഹിതം എത്രയാണെങ്കിലും ടിക്കറ്റ് ചാര്‍ജ് കൂട്ടിയതിന്റെ ഗുണം തിയേറ്റര്‍ ഉടമകള്‍ക്കും നിര്‍മ്മാതാക്കള്‍ക്കും കിട്ടിയെന്നും അദ്ദേഹം പറഞ്ഞു. സിനിമാ സംഘടനകളുടെ സമരത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

തമിഴ്നാട്ടില്‍ എല്ലാ തിയ്യേറ്ററുകളിലും മര്‍ട്ടിപ്ലക്സ് ഉള്‍പ്പെടെ ടിക്കറ്റ് നിരക്ക് മാക്സിമം 120 രൂപയാണ്. അതില്‍ പത്തുശതമാനം പാവപ്പെട്ടവര്‍ക്കുവേണ്ടി സംവരണമാണ്. സംവരണ സീറ്റില്‍ പത്തുരൂപയ്ക്ക് ടിക്കറ്റ് നല്‍കും. എന്നാല്‍ കേരളത്തില്‍ 350 മുതല്‍ 500രൂപവരെയാണ് തിയ്യേറ്ററുകള്‍ വാങ്ങുന്നത്. ഇത് അന്യായമാണെന്നും അദ്ദേഹം പറഞ്ഞു.

 

സിനിമ പ്രതിസന്ധിക്കു കാരണം സിനിമക്കാര്‍ തന്നെയാണ്. സിനിമ പച്ചപിടിച്ചാല്‍ അന്നു സമരമെന്നാണ് കുറേക്കാലമായുള്ള രീതി. വട്ടീല്‍ ഇട്ട ഞണ്ടിന്റെ സ്വഭാവമാണ് സിനിമാ സംഘടനകള്‍ക്ക്. സിനിമാ സംഘടനകളുടെ തര്‍ക്കത്തില്‍ സിനിമാ മന്ത്രിക്ക് ഇടപെടാന്‍ അവകാശമില്ലെന്ന അവസ്ഥ മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

LEAVE A REPLY