ബലാത്സംഗ കേസ്: രാഹുലിന്റെ ജാമ്യാപേക്ഷ തള്ളി കോടതി

ബലാത്സംഗ കേസില്‍ ജയിലില്‍ തുടരുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളി കോടതി. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ഇതോടെ രാഹുല്‍ ജയിലില്‍ തുടരും. ജാമ്യത്തിനായി രാഹുല്‍ സെഷന്‍സ് കോടതിയെ സമീപിക്കുമെന്നും തിങ്കളാഴ്ച ഹര്‍ജി നല്‍കുമെന്നുമാറ് റിപ്പോര്‍ട്ട്. മൂന്നാമത്തെ ബലാത്സംഗ പരാതിയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് രാഹുലിനെ പാലക്കാട്ടെ കെപിഎം ഹോട്ടലില്‍ നിന്ന് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

രണ്ടു മണിക്കൂര്‍ നീണ്ട ശക്തമായ വാദപ്രതിവാദങ്ങളാണ് പ്രോസിക്യൂഷനും പ്രതിഭാഗവും ഇന്നലെ നടത്തിയത്. ഡിജിറ്റല്‍ തെളിവുകള്‍ അടക്കം കോടതിയില്‍ സമര്‍പ്പിച്ചാണ് പ്രതിഭാഗം വാദിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലും പരാതിക്കാരിയും തമ്മിലുള്ള ബന്ധം ഉഭയസമ്മതപ്രകാരമാണ് എന്നായിരുന്നു രാഹുലിന്റെ വക്കീല്‍ വാദിച്ചത്. എന്നാല്‍ പ്രോസിക്യൂഷന്‍ വാദങ്ങള്‍ അംഗീകരിച്ച തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ജാമ്യം തള്ളുകയായിരുന്നു. എംഎല്‍എക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചതായും ജാമ്യം നല്‍കരുതെന്നും ആയിരുന്നു എസ്‌ഐടിയുടെ വാദം