ടോയ്ലറ്റ് വൃത്തിയായി സൂക്ഷിക്കുക എന്നത് നമ്മുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാൽ അമിതവൃത്തിയാക്കലും ആരോഗ്യത്തിന് ഹാനികരമാണെന്ന് ഓർമിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. ടോയ്ലറ്റ് വൃത്തിയാക്കുന്നതിന് പലപ്പോഴും കഠിനമായ രാസുവസുക്കളാണ് നമ്മൾ ഉപയോഗിക്കുന്നത്. ഇവ നമ്മുടെ ആരോഗ്യത്തെ പലരീതിയിൽ ബാധിക്കാമെന്ന് മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യവിദഗ്തർ. ടോയ്‌ലറ്റ് ക്ലീനറുകളിൽ കഠിനമായ കറകളെ ചെറുക്കാൻ ശക്തമായ കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. പലതിലും ഹൈഡ്രോക്ലോറിക് അല്ലെങ്കിൽ സൾഫ്യൂറിക് ആസിഡ് പോലുള്ള ആസിഡുകൾ ഉണ്ട്. മറ്റ് ചിലതിൽ അണുക്കളെ നശിപ്പിക്കാനും വെളുക്കാനുമായി ബ്ലീച്ച് അല്ലെങ്കിൽ സോഡിയം ഹൈപ്പോക്ലോറൈറ്റ് ഉപയോഗിക്കുന്നു. ചിലർ അമോണിയും ചേർക്കാറുണ്ട്. എന്നാൽ വ്യത്യസ്തമായ ഇത്തരം രണ്ട് ക്ലീനറുകൾ ഒരുമിച്ച് ഒഴിക്കുമ്പോഴാണ് അപകടം. ആസിഡ് ബ്ലീച്ചുമായി സംയോജിച്ച് ക്ലോറിൻ വാതകം ഉണ്ടാക്കുന്നു. ഇത് വൃത്തിയാക്കുന്നതിനിടെ ഈ വാതകം ശ്വസിക്കുന്നത് മൂക്കിലും നെഞ്ചിലും എരിച്ചിലുണ്ടാക്കുമെന്ന് ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. വിഷപുക മൂക്കിന്റെയും തൊണ്ടയുടെയും ശ്വാസകോശത്തിന്റെയും നനഞ്ഞ പാളിയിൽ എത്തുകയും അവിടെയുള്ള ഈർപ്പവുമായി കലർന്ന് ആ മൃദുവായ ടിഷ്യൂകളിൽ ആസിഡുകൾ ഉണ്ടാവുകയും ചെയ്യുന്നു. കണ്ണിന് പുകച്ചിലും വെള്ളം വരികയും ചെയ്യുന്നു. തുടർന്ന് ചുമ, ശ്വാസതടസം എന്നിവ അനുഭവപ്പെടും. തലകറക്കമോ കാഴ്ചമങ്ങലോ അനുഭവപ്പെടാം. . ആസ്ത്മയോ അലർജിയോ ഉള്ളവരിൽ ഇത് വലിയ അപകടമുണ്ടാക്കുമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.



















