സിനിമ തര്‍ക്കം രൂക്ഷം, പുലിമുരുകനും ഋത്വിക് റോഷനും പിന്‍വലിക്കും

തിരുവനന്തപുരം: തിയേറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളും തമ്മില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതോടെ മലയാള സിനിമ വ്യവസായം അവതാളത്തിലാകുന്നു. തര്‍ക്കം രൂക്ഷമായതോടെ ക്രിസ്മസ് ചിത്രങ്ങള്‍ ഒന്നും റിലീസ് ചെയ്യില്ല. മാത്രമല്ല നിലവില്‍ പ്രദര്‍ശനം തുടരുന്ന സിനിമകള്‍ പിന്‍വലിക്കാനും വിതരണക്കാര്‍ ഒഒരുങ്ങി കഴിഞ്ഞു.

കട്ടപ്പനയിലെ ഋത്വിക് റോഷന്‍, പുലിമുരുകന്‍ എന്നീ ചിത്രങ്ങളാണ് പിന്‍വലിക്കുക. ഇതോടെ 300 ഓളം തിയേറ്ററുകളിലെ പ്രദര്‍ശനമാണ് മുടങ്ങുന്നത്. മാത്രമല്ല പുലിമുരുകന്‍ ചോര്‍ന്ന സിനിപോളീസിന് ഇനി സിനിമ നല്‍കില്ല.

മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ദുല്‍ഖര്‍ ചിത്രം ജോമോന്‌റെ സുവിശേഷങ്ങള്‍, പൃഥ്വിരാജ് ചിത്രം എസ്ര, ജയസൂര്യ ചിത്രം ഫുക്രി എന്നീക്രിസ്മസ് ചിത്രങ്ങളുടെ റിലീസാണ് മാറ്റി വച്ചിരിക്കുന്നത്. ഇതോടെ അന്യ ഭാഷാ ചിത്രങ്ങള്‍ ക്രിസ്മസ് കാലത്ത് കേരളത്തിലെ തിയേറ്ററുകള്‍ കൈയടക്കും.

സിനിമകളുടെ തീയറ്റര്‍ വിഹിതത്തിന്റെ അമ്പത് ശതമാനം വേണമെന്ന തീയറ്റര്‍ ഉടമകളുടെ ആവശ്യം വിതരണക്കാരും നിര്‍മാതാക്കളും അംഗീകരിക്കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്നാണ് മന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ച പരാജയപ്പെട്ടത്.